കിഴക്കമ്പലം: ഒളിമ്പ്യൻ ശ്രീജേഷിന്റെ പേരിൽ കുന്നത്തുനാട്ടിൽ ഇൻഡോർ സ്റ്റേഡിയം വരുന്നു. പള്ളിക്കര ചന്തമൈതാനമാണ് സ്റ്റേഡിയമാകുന്നത്. കഴിഞ്ഞ മാസം സ്റ്റേഡിയം നിർമിക്കുന്നതിനുള്ള സാങ്കേതികാനുമതി പൊതുമരാമത്ത് വകുപ്പ് നൽകുകയും തുടർന്ന് കരാർ ഉറപ്പിക്കുകയും ചെയ്തിരുന്നു. വർഷങ്ങളോളം സ്റ്റേഡിയത്തിനുള്ള ശ്രമം പഞ്ചായത്ത് തുടർന്നെങ്കിലും ഭരണ സമിതിയുടെ കാലാവധി തീരുന്നതിനു മുമ്പായി നിർമ്മാണം തുടങ്ങാനാകുമെന്നത് ഭരണനേട്ടമായി.
2014 ൽ നടന്ന ഹോക്കി ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനു സ്വർണ്ണം ലഭിച്ചപ്പോൾ നൽകിയ സ്വീകരണ യോഗത്തിലാണ് ശ്രീജേഷിന്റെ പേരിൽ സ്റ്റേഡിയം നിർമ്മിക്കാൻ പ്രഖ്യാപനമായത്. അന്ന് വിശിഷ്ടാതിഥിയായിരുന്ന സ്‌പോർട്സ് വകുപ്പ് മന്ത്റി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കുന്നത്തുനാട് പഞ്ചായത്തിൽ സ്റ്റേഡിയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവിൽ പള്ളിക്കര സ്‌പോർട്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വോളിബോൾ പരിശീലനം നടക്കുന്ന പള്ളിക്കരയിലെ മൈതാനമാണ് സ്റ്റേഡിയമായി മാറുന്നത്.
ചിലവ് 98.50 ലക്ഷം
98.50 ലക്ഷം മുടക്കിയാണ് നിർമ്മാണം. പഞ്ചായത്ത് ഫണ്ട്, എം.എൽ.എ. ഫണ്ട്, കൊച്ചി ബി.പി.സി.എൽ. എന്നിവിടങ്ങളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കും.
ശിലാസ്ഥാപനം നടത്തി
സ്റ്റേഡിയ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസി ഉസ്മാൻ അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, പി.പി അബൂബക്കർ, ജിജോ വി. തോമസ്, കെ.കെ രമേശ്, എ.പി കുഞ്ഞുമുഹമ്മദ്, ടി.വി ശശി, എൻ.വി രാജപ്പൻ, കെ.എ വർഗീസ്, മുരളി കോയിക്കര, പി.എസ്.എ പ്രസിഡന്റ് എൻ.പി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.