മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ ഈസ്റ്റ് വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് ലൈബ്രറിക്ക് അരനൂറ്റാണ്ട്. പായിപ്ര ഗ്രാമ പഞ്ചായത്തിലെ അവികസിത പ്രദേശമായ ഈസ്റ്റ് വാഴപ്പിള്ളിയിൽ അക്ഷരങ്ങളെ സ്നേഹിച്ചവരുടെ കൂട്ടായ്മയിൽ നിന്ന് 1969 പിറവിയെടുത്ത വായനശാലയാണിത്. വായനശാലക്ക് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥാപക പ്രസിഡന്റ് തട്ടാർകുന്നേൽ കുര്യാച്ചൻ സൗജന്യമായി സ്ഥലം നൽകി. വൈദ്യുതി എത്താത്ത ഈ പ്രദേശത്ത് ഗ്യാസ് ലൈറ്റും ജനറേറ്ററും ഉപയോഗിച്ച് ഉദ്ഘാടനനടത്തിയ അക്ഷര സ്നേഹികളുടെ നാടാണിത്. 1974 ഗ്രന്ഥശാല സംഘത്തിന്റെ അഭിലിയേഷൻ ലഭിച്ചതോടെ നാട്ടിലെ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ വായനശാല ഏറ്രെടുത്തു. ഇതോടെ ഇത് ജനകീയ വായനശാലയായി മാറുകയായിരുന്നു. ലൈബ്രറിയിൽ വനിതാവേദി, ബാലവേദി, യുവജന വേദി, വയോജനവേദി, എന്നിവ രൂപികരിച്ച് പ്രവർത്തനം തുടങ്ങി. എല്ലാ മാസവും വിവധ പരിപാടികൾ സംഘടിപ്പിച്ച് വായനശാലയെ ജനകീയമാക്കി.
ഓൺലൈൻ ക്ലാസുകൾ സജീവം
കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂൾ വിദ്യാഭ്യാസം ഓൺലൈനായി വിദ്യാഭ്യാസ വകുപ്പ് ചിട്ടപ്പെടുത്തിയപ്പോൾ വായനശാലയിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. വിവധ ക്ലാസുകളിൽ പഠിക്കുന്ന 49 കുട്ടികളാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. പി.ടി.എയും ലൈബ്രറിയിൽ രൂപികരിച്ചു. ജേക്കബ് കുര്യൻ പ്രസിഡന്റും , എം.എം.അബ്ദുൽ സമദ് സെക്രട്ടറിയുമായ 11 അംഗകമ്മറ്റിയാണ് ലൈബ്രറിക്കുള്ളത്.താലൂക്ക് ലൈബ്രറി കൗൺസിലിനെ പി.എ.മൈതീൻ, എ.എൻ.മണി എന്നിവർ പ്രതിനിധീകരിക്കുന്നു.
വാരചരണം ഇന്ന് സമാപിക്കും
വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടുന്നകുട്ടികൾക്ക് അവാർഡും നൽകുന്നതോടൊപ്പം വാർഷിക ആഘോഷം, സാംസ്കാരിക പരിപാടികൾ, സെമിനാറുകളും കൃത്യതയോടെ നടന്നു വരുന്നു. ഇൗ വർഷത്തെ ഗ്രന്ഥശാല ദിനം ഗ്രന്ഥശാല വാരചരണമായിട്ടാണ് ആഘോഷിക്കുന്നത്. സെപ്തംബർ 8ന് ഗ്രന്ഥശാലയിൽ പതാക ഉർത്തിയതോടെ ആരംഭിച്ച വാരാചരണ പരിപാടിയിൽ അംഗത്വം വിതരണം, പുസ്തക സമാഹരണം, കൊവിഡ് പ്രതിരോധ പ്രവർത്തനം, ചർച്ച ക്ലാസുകൾ , എന്നിവ സംഘടിപ്പിച്ചു. വാരാചരണത്തിന്റെ സമാപനം കുറിച്ച് ഗ്രന്ഥശാല ദിനത്തിൽ അക്ഷര ദീപം തെളിയിക്കും. ഇതോടെ ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിനും സമാപനമാകും.