പറവൂർ: സുഭിക്ഷ കേരളം പദ്ധതിയിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സി.ടി.സി.ആർ.ഐയുടെ സഹായത്തോടെ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വീട്ടുമുറ്റങ്ങളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുന്നു. സി.ടി.സി.ആർ.ഐയുടെ തൈ ഉൽപ്പാദക നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച നടീൽ വസ്തുക്കൾ പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിൽ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യും. പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന മധുരക്കിഴങ്ങിനങ്ങൾക്ക് പുറമേ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുൽപ്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുള്ള മധുരക്കിഴങ്ങിനങ്ങളാണ് നൽകുന്നത്. ഈമാസം പതിനെഴു മുതൽ മധുരക്കിഴങ്ങ് വള്ളികൾ വടക്കേക്കര കൃഷിഭവനിലും പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും വിതരണം ചെയ്യും. മൂന്നു മാസം കൊണ്ട് വടക്കേക്കരയിലെ വീട്ടുമുറ്റങ്ങളിൽ മധുരക്കിഴങ്ങ് വിളയിച്ചെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്താദ്യമായിട്ടാണ് ഒരു പഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയെന്ന ജനകീയ പദ്ധതി സി.ടി.സി.ആർ.ഐ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്.