കോതമംഗലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോതമംഗലം നഗരസഭ സമ്പൂർണ പരാജയമെന്ന്‌ പ്രതിപക്ഷം. നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് പ്രക്ഷോപത്തിലേക്ക് നീങ്ങുകയാണ്. രോഗ പ്രതിരോധ പ്രവർത്തനവും ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനും മൂന്നാം ഘട്ടത്തിൽ മറ്റ് തദ്ദേശ 'സ്വയം ഭരണ സ്ഥാപനങ്ങൾ നല്ല ഇടപെടലുകൾ നടത്തിവരുന്നഘട്ടത്തിൽ കോതമംഗലം നഗരസഭ സമ്പൂർണ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പ്രകാരം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും കൊവിഡ് കെയർ സെന്ററുകളും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈയ്ൻ കേന്ദ്രങ്ങളും സ്ഥാപിച്ച് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ഇതിനാവശ്യമായ പ്രോജക്ടുകൾ നിർമ്മിക്കുന്നതിനായി പ്രത്യേക സോഫ്റ്റ് വെയർ രൂപകൽപ്പന ചെയ്യുകയും പദ്ധതി വിഹിതം നൽകുകയും ചെയ്തിട്ടുളള ഘട്ടത്തിലാണ് ഈ കൊടിയ വഞ്ചന നടക്കുന്നത്.നഗരസഭാ പരിധിയിൽ രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നഗരസഭയിൽ ആകെ നടക്കുന്നത് സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാത്രമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഭരണ നേതൃത്വത്തിന്റേയും ജീവനക്കാരുടേയും നേതൃത്വത്തിൽ വലിയ അഴിമതി നടക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. രോഗികൾക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിനായി ഏർപ്പാടാക്കിയിട്ടുള്ളത് കുടുംബശ്രീയെയാണെന്ന് ഭരണ നേതൃത്വം പറയുന്നു.എന്നാൽ ഭക്ഷണ വിതരണം നടത്തുന്നത് കാറ്ററിംഗ് സ്ഥാപനമാണ്. ഇവിടെ വിതരണം ചെയ്യുന്ന ഭക്ഷണം ഏറ്റവും മോശമായതാണെന്നും സന്നദ്ധ പ്രവർത്തകരെ ഒഴിവാക്കി കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികളെയാണ് വിളമ്പാൾ ഏൽപ്പിച്ചിരിക്കുന്നത്. കൊവിഡ് മൂലം അഞ്ചോളം പേർ മരണപ്പെട്ടിട്ടും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യാതെ നഗരസഭ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്ലാൻ ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ നഗരസഭാ സെക്രട്ടറിയുടെ പേരിൽ സ്പെഷ്യൽ എസ് ബി അക്കൗണ്ട് രൂപീകരിച്ച് ബഹുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചോ ഫണ്ട് വിനിയോഗിക്കാമെന്നിരിക്കെ രേഖയില്ലാതെ പണപ്പിരിവ് നടത്തി വലിയ അഴിമതി നടത്തുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി .യു.ഡി.എഫ് ഭരണസമിതി നടത്തുന്നന അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാത നടപടികൾക്കുമെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.