കോതമംഗലം: ആഗോള സർവ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിലെ പ്രശസ്ഥമായ കന്നി 20 പെരുന്നാൾ നടത്തിപ്പിനോടനുബന്ധിച്ച് പള്ളിമാനേജിംഗ് കമ്മറ്റിക്കൊപ്പം കോതമംഗല മതമൈത്രി സംരക്ഷണ സമിതി സഹകരിക്കും. ഇതിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ 335-ാമത് ഓർമ്മപ്പെരുന്നാളാണ് സെപ്തംബർ 25 മുതൽ ഒക്ടോബർ 4 വരെ ആഘോഷിച്ച് വരുന്നത് .ആഘോഷ പരിപാടികൾ ഒഴിവാക്കി പെരുന്നാൾ നടത്തിപ്പിനും നിർദ്ദനരേ സഹായിക്കുന്നതിനുമായി കൂപ്പൺ വിറ്റ് പെരുന്നാൾ ഓഹരി കണ്ടെത്താനാണ് പള്ളിമാനേജിംഗ് കമ്മിറ്റിയുടെ തീരുമാനം. പെരുന്നാൾ നടത്തിപ്പിനായി വിവിധ വിഭാഗത്തിപ്പെട്ടവരെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിക്കുവാനും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥർ പെരുന്നാളിന് എത്തിച്ചേരുമെന്നതിനാൽ കനത്ത ജാഗ്രതയോടെ വിശ്വാസികൾക്ക് വേണ്ട സഹായം ഒരുക്കുവാനും തീരുമാനിച്ചു. ചടങ്ങിൽ വച്ച് കൂപ്പണിന്റെ വിതരണോദ്ഘാടനം പി.എ.സോമന് നൽകി വികാരി ഫാ: ജോസ് പരത്തുവയലിൽ നിർവഹിച്ചു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ ജി.ജോർജ്ജ്, കൺവീനർ കെ.എ നൗഷാദ്, സെക്രട്ടറി അഡ്വ: രാജേഷ് രാജൻ, മുൻ എം എൽ എ റ്റി.യു കുരുവിള, പള്ളി ട്രസ്റ്റി ബിനോയി മണ്ണഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.