കുറുപ്പംപടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറുപ്പംപടി ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചത് പള്ളിയിൽ നടന്ന യോഗത്തെ തുടർന്ന് എന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം അടിസ്ഥാനരഹിതമെന്ന് കുറുപ്പംപടി പള്ളി ഭരണ സമിതി വ്യക്തമാക്കി. ആഗസ്റ്റ് 30 ന് കമ്മിറ്റിയിൽ പങ്കെടുത്ത ഒരാൾക്ക് ഇക്കഴിഞ്ഞഞ 4 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് തന്നെ അവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കമുണ്ടായ വൈദികരും , കമ്മിറ്റി അംഗങ്ങളും , ജീവനക്കാരും ഉൾപ്പെടെ 76 വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണ സമയത്ത് രോഗം സ്ഥിരീകരിച്ച 6 കമ്മിറ്റി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങളിൽപ്പെട്ട 12 പേർക്കും മാത്രമാണ് രോഗബാധയുള്ളത്. അല്ലാതെ സമ്പർക്കത്തിലൂടെ പൊതുസമൂഹത്തിലെ ഒരാൾക്കു പോലും രോഗബാധ ഉണ്ടായിട്ടില്ല എന്നും പള്ളി ഭാരവാഹികൾ പറയുന്നു. എല്ലാ ക്വറന്റൈയ്ൻ നിയമങ്ങളും പാലിക്കുകയും , പള്ളിയും അനുബന്ധ സ്ഥാപനങ്ങളും അണുനശീകരണം നടത്തി. പള്ളി കമ്മിറ്റിക്കു ശേഷം പതിനാല് ദിവസം കഴിഞ്ഞ് സെപ്തംബർ 12 നാണ് കുറുപ്പംപടി ടൗൺ അടച്ചത്. കുറുപ്പംപടിയിലെ പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനങ്ങളിലെ സ്റ്റാഫിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ടൗൺ അടച്ചടേണ്ട സാഹചര്യം ഉണ്ടായതെന്നും ഇതിന് പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും പള്ളി ഭാരവാഹികൾ വ്യക്തമാക്കി. അതിനാൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന തീരുമാനത്തിലാണ് പള്ളി ഭരണ സമിതി.