ആലുവ: കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തുകയും, ഓഫീസ് ഉപകരണങ്ങൾ നശിപ്പിക്കുകയും, ചെയ്ത സംഭവത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി എം.ടി. ജയൻ എന്നിവരെ അന്വേഷണ കമ്മീഷനായി ചുമതലപ്പെടുത്തി. ഇതിനിടെയ ഐ ഗ്രൂപ്പ് എട്ട് നേതാക്കൾക്ക് ഡി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി. കളമശേരി ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ശ്രീകുമാർ മുല്ലേപ്പിള്ളി, സുരേഷ് മുട്ടത്തിൽ, സിജോ ജോസ്, മുഹമ്മദ് അൻവർ, ഫാസിൽ മൂത്തേടത്ത്, കെ.എ. ഹൈദ്രോസ്, ടി.എം. ഷബാബ്, ആദർശ് ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. നടപടി സ്വീകരിക്കാതിരിക്കുന്നതിന് വിശദീകരണം നൽകാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം നൽകണമെന്നാണ് അറിയിച്ചിട്ടുള്ളത്.
പാർട്ടയിൽ ഗ്രൂപ്പുകളുടെ സൈബർ യുദ്ധം
അടിപിടിക്ക് പിന്നാലെ ഒൗദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിലും എ - ഐ ഗ്രൂപ്പുകളുടെ പോർവിളി. ഇതേതുടർന്ന് വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ വായ മൂടിക്കെട്ടി ഗ്രൂപ്പിനെ അഡ്മിൻ ഒൺലിയാക്കി.വെള്ളിയാഴ്ച്ച നടന്ന സ്വീകരണ യോഗത്തിലാണ് പുന:സംഘടനയെ ചൊല്ലി ഗ്രൂപ്പുകൾ ഏറ്റുമുട്ടിയത്. ഇരുപക്ഷവും ഡി.സി.സിക്കും കെ.പി.സി.സിക്കും പരാതി നൽകിയതിന് പിന്നാലെയാണ് പാർട്ടിയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും ഏറ്റുമുട്ടൽ തുടരുന്നത്.
കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഭരണസമിതിലെ നേതൃമാറ്റം സംബന്ധിച്ചാണ് ഗ്രൂപ്പിലെ പോർവിളി. ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഐ പക്ഷത്തിന് വിട്ടുനൽകാത്തതാണ് പ്രശ്നം. ഇതിനെതിരെ മണ്ഡലത്തിലെ ഏഴ് ഐ ഗ്രൂപ്പുകാർ പരാതി നൽകിയിരിക്കെയാണ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും തർക്കമുണ്ടായത്. തിരഞ്ഞെടുപ്പിന് ശേഷം 'കേരളകൗമുദി'യിൽ വന്ന വാർത്ത ഐ ഗ്രൂപ്പുകാർ പോസ്റ്റ് ചെയ്തതോടെ നേതൃമാറ്റ തീരുമാനമില്ലെന്ന മറുവാദവുമായി എ ഗ്രൂപ്പ് രംഗത്തെത്തി. ചർച്ച മുറുകിയതോടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ യോഗ മിനിറ്റ്‌സിന്റെ പകർപ്പ് ഗ്രൂപ്പിലിട്ടു.