house-of-ganga
ഗംഗ

വൈപ്പിൻ: വിധവയും രോഗിയുമായ ആശാരിപറമ്പിൽ ഗംഗക്കും രണ്ട് മക്കൾക്കും ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ട് മാസങ്ങളായി. വീട് നിർമ്മിക്കാൻ നാല് ലക്ഷം രൂപയും മൂന്ന് സെന്റ് സ്ഥലം വാങ്ങുവാൻ രണ്ട് ലക്ഷം രൂപയുമാണ് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. കുഴുപ്പിള്ളിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഗംഗ രണ്ട് ലക്ഷം രൂപക്ക് മൂന്ന് സെന്റ് സ്ഥലം അന്വേഷിച്ച് വലഞ്ഞെങ്കിലും സെന്റിന് കുറഞ്ഞത് രണ്ടര ലക്ഷം രൂപയുള്ള നാട്ടിൽ രണ്ട് ലക്ഷത്തിന് മൂന്ന് സെന്റ് സ്ഥലം കിട്ടില്ലെന്നുറപ്പായി.

വാടക നൽകാൻ കഴിവില്ലാതെ വന്നപ്പോൾ പള്ളിപ്പുറം പഞ്ചായത്തിലെ 12-ാം വാർഡിൽ സഹോദരന്റെ ഇടിഞ്ഞുവീഴാറായ വീട്ടിലേക്ക് തത്കാലം താമസം മാറ്റി. രോഗിയാണെങ്കിലും ജീവിച്ചുപോകാൻ മറ്റ് മാർഗമില്ലാത്തതിനാൽ കൂലിവേല ചെയ്താണ് ഗംഗ മക്കളെ പോറ്റുന്നത്. എന്നാൽ കൊവിഡ് ദുരിതത്തോടെ ഉള്ള പണിയും ഇല്ലാതായി. അഭയം തേടിയെത്തിയ സഹോദരന്റെ വീടാകട്ടെ ബാങ്കിലെ വായ്പ മുടങ്ങിയതിനാൽ ജപ്തി ഭീഷണിയിലുമാണ്. ജപ്തി ചെയ്യപ്പെട്ടാൽ രണ്ട് മക്കളുമായി ഗംഗക്ക് തെരുവിലിറങ്ങേണ്ടി വരും. ലൈഫ് പദ്ധതി പ്രകാരം വീട് വെക്കുന്നതിന് കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും വേണം. പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിന് ലഭിക്കുന്ന രണ്ട് ലക്ഷത്തിന് പുറമേ അഞ്ചരലക്ഷം രൂപകൂടി വേണം. സർക്കാരിന്റെ കരുണയിൽ ലഭിക്കുന്ന വീട് സാധ്യമാകണമെങ്കിൽ അഞ്ചരലക്ഷം രൂപയെങ്കിലും സുമനസുകളായ നാട്ടുകാരുടെ കൂട്ടായ്മയോ സംഘടനകളോ ഗംഗയോടും മക്കളോടും കരുണ കാണിക്കണം. ബന്ധപ്പെടേണ്ട നമ്പർ : 9633492282