കുറുപ്പംപടി: വായനാപൂർണിമ സംഘടിപ്പിച്ച ലോക പിതൃദിന സർഗോത്സവത്തിലെ സംസ്ഥാന കവിതാമത്സരത്തിലെ ഒന്നാം സ്ഥാനം പുഷ്പാംഗദൻ തച്ചയത്തിന്. സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരത്തോടെ പെരുമ്പാവൂർ ഉപജില്ലയിൽ ശ്രേഷ്ഠ ഭാഷ വർഷാചരണത്തിന്റെ ഭാഗമായി നടപ്പാക്കിയ വിജ്ഞാന പോഷണ പദ്ധതി പ്രകാരമാണ് സർഗോത്സവം സംഘടിപ്പിച്ചിരുന്നത്. അനുബന്ധമായി നടന്ന കവിത സംഗീതാവിഷ്‌കരണത്തിലെ ഒന്നാം സ്ഥാനം പഴയന്നൂരിലെ ഡോ. സിന്ധു ശ്രീകുമാർ കരസ്ഥമാക്കി.
കെ.എസ്.ഇ.ബിയിൽ നിന്നും അസി.എക്‌സി. എൻജിനീയറായി വിരമിച്ച പുഷ്പാംഗദൻ കൂവപ്പടി മുൻ ഗ്രാമ പഞ്ചായത്തംഗവും സാമൂഹ്യ പ്രവർത്തകനുമായ തച്ചയം നാരായണൻ വൈദ്യരുടെ മകനാണ്. പിതൃദിനത്താേടനുബന്ധിച്ച് നടത്തിയ അഖിലകേരള കവിതാരചന മത്സരത്തിൽ കടപ്പാട് എന്ന കവിത എഴുതിയാണ് ഇദ്ദേഹം ഒന്നാം സമ്മാനം നേടിയത്. കേരള സാഹിത്യ അക്കാഡമിയുടെ നാരായണം കൃതിക്കു വേണ്ടി ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള കവിതാ രചനക്കും പുഷ്പാംഗദൻ സമ്മാനം നേടിയിട്ടുണ്ട്. തുഞ്ചൻ കവിയരങ്ങിൽ സ്ഥിരമായി കവിത അവതരിപ്പിക്കാറുള്ള ഇദ്ദേഹം ആശാൻ സാഹിത്യവേദി സുവർണ കവിതാ പുരസ്‌കാര ജേതാവുകൂടിയാണ്. ആരെയും ആകർഷിക്കുന്ന വൈദ്യർ കവിതകളുടെ ഇന്നത്തെ രചയിതാവിന് സർവ മേഖലയിലുള്ളവരും അഭിനന്ദനമായി എത്തുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കേരള കൗമുദിയോട് പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിൽ പെരുമ്പാവൂരിലാണ് പുരസ്‌കാര സമർപ്പണം നടക്കുകയെന്ന് വായനാ പൂർണ്ണിമ ഭാരവാഹികൾ പറഞ്ഞു.