auto

കൊച്ചി: എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ഗോശ്രീ റോഡിലേക്കുള്ള യാത്രയിൽ വഴിയരികിൽ പഴക്കുലകളാൽ അലങ്കരിച്ച് കിടക്കുന്ന ഓട്ടോ കൗതുകക്കാഴ്ചയാണ്. എന്നാൽ,​ ജെയ്സണ് ഇത് കൗതുകമല്ല,​ ജീവിതമാണ്. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ അതിജീവിക്കാൻ ഈ ചെറുപ്പക്കാരൻ ജീവിത വേഷങ്ങൾ മാറിയാടുകയാണ്. നാല് വർഷങ്ങൾക്ക് മുന്നേ ഒരു ഏജന്റ് മുഖേന മാലിയിലേക്ക് ഡ്രൈവർ ജോലിക്കായി പറന്നിറങ്ങിയത് വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ മാലിയിലെ ഒരു റൂമിൽ എത്തിച്ചശേഷം കൊണ്ടുപോയ ഏജന്റ് മുങ്ങി. പുറത്തിറങ്ങിയാൽ 3 ലക്ഷം രൂപ പിഴയും ജയിൽവാസവും അനുഭവിക്കേണ്ടി വരും. ഒടുവിൽ മലയാളി അസോസിയേഷന്റെ സഹായത്തോടെ രഹസ്യമായി ബാറിൽ ജോലി ചെയ്ത് ഒന്നര വർഷം അവിടെ പിടിച്ച് നിന്നു. ശേഷം മലയാളി അസോസിയേഷൻ നേതാവ് നാസർ പൊന്നാനിയുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. രണ്ട് വർഷം മുന്നേ സ്വന്തമായി ഒരു ഓട്ടോ വാങ്ങി ആലുവ തെറ്റാലി ജംഗ്ഷനിൽ ഓടിത്തുടങ്ങി. ജീവിതം പച്ചപിടിച്ച് വരുമ്പോഴാണ് കൊവിഡ് വ്യാപനത്താൽ ആ വരുമാന മാർഗവും അടഞ്ഞത്. ആ പ്രതിസന്ധിയെ അതിജീവിക്കാനായി ഓട്ടോയിൽ പഴവും കപ്പയുമായി റോഡിലേക്കിറങ്ങി. സവാരി ഇല്ലങ്കിലും പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാമെന്ന് കാണിച്ച് തരുകയാണ് ആലുവ സ്വദേശിയായ ജെയ്സൺ. ഭാര്യ നാൻസിയും മക്കളായ ജെയിൻ, ജെയ്ക്കും അടങ്ങിയതാണ് കുടുംബം.