kalanji

സ്വന്തം ലേഖിക

കൊച്ചി: മത്സ്യകൃഷിയിൽ പുത്തനുണർവിന് വഴിയൊരുക്കുന്ന സ്റ്റാർട്ടപ്പ് സംരംഭവുമായി ഫിഷറീസ് ബിരുദധാരികൾ. വ്യാപകമായി കൃഷി ചെയ്യുന്നതും മികച്ച വിപണന മൂല്യമുള്ളതുമായ കാളാഞ്ചിയുടെ വിത്തുൽപാദനത്തിന് കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സഹായത്തോടെയാണ് സംരംഭം. ഒരു കിലോ കാളാഞ്ചിക്ക് വിപണിയിൽ 450 രൂപ മുതൽ 700 രൂപ വരെ വില ലഭിക്കും.

കേരളത്തിലും മഹാരാഷട്രയിലും ആണ് ഹാച്ചറികൾ സ്ഥാപിക്കുന്നത്. സ്റ്റാർട്ടപ്പ് രൂപത്തിൽ സ്വകാര്യമേഖലയിൽ രാജ്യത്ത് ആദ്യമായാണ് കാളാഞ്ചിയുടെ ഹാച്ചറി വരുന്നത്. സിബ വികസിപ്പിച്ച കാളാഞ്ചിയുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. കർണാടക സ്വദേശികളും ഫിഷറീസ് ബിരുദധാരികളുമായ വി .എസ് .കാർത്തിക ഗൗഡ, കൗഷിക് എലൈക്, സച്ചിൻ .വി. സാവൻ എന്നിവരാണ് ഇതിന് പിന്നിലുള്ളത്. കാളാഞ്ചിയുടെ കുഞ്ഞുങ്ങൾക്ക് കർഷകർക്കിടയിൽ ആവശ്യക്കാരേറെയാണെങ്കിലും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. . ഈ സാഹചര്യത്തിലാണ് സിബയുടെ സഹകരണത്തോടെ ഫിഷറീസ് പ്രൊഫഷണലുകൾ സ്റ്റാർട്ടപ്പ് സംരംഭവുമായി മുന്നോട്ടുവരുന്നത്.

സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും സിബ ഇവരെ സഹായിച്ചു.

രാജ്യത്തെ മത്സ്യകൃഷി മേഖലയിൽ സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭമെന്ന് സിബ ഡയറക്ടർ ഡോ .കെ. കെ.വിജയൻ പറഞ്ഞു.