നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്ത് ആരംഭിച്ച കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക സാംസ്‌കാരിക പഠനകേന്ദ്രം അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി.പി.ജെ കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷനായി. യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. ഡേവിസ് രാജ്, മാധ്യമ നിരൂപകൻ എ. ജയശങ്കർ, സെന്റ് തെരെസാസ് കോളേജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനീത, ഡോ. മ്യൂസ് മേരി, ഡോ. തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.ആലുവ യു.സി കോളേജ്, എറണാകുളം സെന്റ് തെരെസാസ് കോളേജ് എന്നിവയുടെ നേതൃത്വത്തിൽ ലൈബ്രറിയും റിസർച്ച് സെന്റെറുമാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. ഇരുനിലകളിലായി 8000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. അർജുന നാച്ചുറൽസ് 15 ലക്ഷം രൂപ ചെലവിൽ ഇന്റീരിയൽ ജോലികൾ ചെയ്തു. ഭാവിയിൽ യുവജനങ്ങൾക്ക് മോട്ടിവേഷൻ ക്ലാസുകൾ നടത്തി സ്വയംസംരംഭങ്ങൾ ആരംഭിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ പറഞ്ഞു.