പെരുമ്പാവൂർ: എസ്.എൻ ഡി പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന കുണ്ഡലിപാട്ട് ദൃശ്യാവിഷ്‌ക്കാരത്തിൽ കുന്നത്തുനാട്, തൊടുപുഴ എന്നീ യൂണിയനുകളുടെ ട്രെയിനറായിരുന്ന വി.എസ് പ്രവിതക്ക് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ അനുമോദനം. ഇടുക്കി കഞ്ഞിക്കുഴി ശ്രീനാരായണ ഹൈസ്കൂളിലെ സംസ്‌കൃതാദ്ധ്യപികയായ പ്രവിതയ്ക്ക് ഈയടുത്ത ദിവസമാണ് കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്നും സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്. മോഹിനിയാട്ടത്തിന്റെ പരിണാമത്തിലും അവതരണത്തിലും സംസ്‌കൃതത്തിനുളള സ്വാധീനം എന്ന വിഷയം അവതരിപ്പിച്ചാണ് ഡോക്ടറേറ്റ് നേടിയത്. നല്ലൊരു നർത്തകി കൂടിയായ പ്രവിത കാലടിയിൽ ഗുരുകൃപ സ്കൂൾ ഒഫ് ഡാൻസ് എന്ന പേരിൽ നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. മേയ്ക്കാലടി വെള്ളായിക്കോടത്ത് പരേതരായ എ ശശിയുടെയും ലീലയുടെയും മകളും ബിസിനസുകാരനായ സുനിലിന്റെ ഭാര്യയുമാണ്.ഗിന്നസ് അംഗീകാരം ലഭിച്ച പ്രവിതയെ കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.കെ.കർണ്ണൻ യൂണിയൻ വക ഉപഹാരം നൽകി ആദരിച്ചു.അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, കമ്മിറ്റി അംഗങ്ങളായ എം എ രാജു, ശ്രീനാരായണ പെൻഷനേഴ്‌സ് വെൽഫെയർ ഫോറം കേന്ദ്രസമിതി സെക്രട്ടറി കെ. എം. സജീവ് എന്നിവർ സംബന്ധിച്ചു.