• കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് നൽകി യുവതി
ആലുവ: ഇല്ലായ്മയുടെ നടുവിലാണ് ജീവിതമെങ്കിലും വഴിയരികിൽ നിന്നു കളഞ്ഞുകിട്ടിയ അരപ്പവൻ സ്വർണമാല തിരിച്ചു നൽകാൻ ഒരു നിമിഷം ആലോചിക്കേണ്ടി വന്നില്ല സുനിതയ്ക്ക്. ബിനാനിപുരം പൊലീസ് സ്റ്റേഷനിലെത്തി മാല കൈമാറി ഉടമയുടെ പക്കലേക്കെത്തിച്ചു മുപ്പത്തടം പൈലപ്പറമ്പിൽ സുനിത സുനിൽ.
സംഭവം ഇങ്ങിനെ: ബുധൻ വൈകിട്ട് ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഓഞ്ഞിത്തോട് പാലത്തിന് സമീപത്ത് നിന്ന് ചെറിയ മാല കിട്ടിയത്. തൊട്ടടുത്ത കടക്കാരനെ ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. വീട്ടിലെത്തി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറിയെ കണ്ടു പറഞ്ഞു. അദ്ദേഹം സംഭവം വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ടു. രാത്രി എട്ട് മണിക്ക് ഭർത്താവ് സുനിൽ വീട്ടിലെത്തിയപ്പോഴാണ് സുനിത കാര്യം പറയുന്നത്. ഉടനെ തന്നെ ഇരുവരും മാലയുമായി ബിനാനിപുരം പൊലീസ് സ്റ്റേഷനിലെത്തി കൈമാറി.
സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എൻ. സുനിൽകുമാർ മാലയുടെ കാര്യം പൊലീസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടു. വാട്ട്സ് ആപ്പുകളിലൂടെ അറിഞ്ഞാണ് മുപ്പത്തടം കുറ്റിക്കാട് വീട്ടിൽ ഇസ്മയിൽ സ്റ്റേഷനിലെത്തിയത്. മാളികംപീടികയിൽ താമസിക്കുന്ന ഇസ്മയിലിന്റെ മകളുടെ കുട്ടിയുടെതാണ് മാല. കുടുംബം മുപ്പത്തടത്തെ വീട്ടിലെത്തി മടങ്ങും വഴിയാണ് ഇത് നഷ്ടമായത്. സുനിതയെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയ ശേഷം ഇന്നലെ മാല കൈമാറുകയായിരുന്നു.
മുപ്പത്തടത്തെ ഫിനോയിൽ കമ്പനിയിലെ പായ്ക്കിംഗ് സെക്ഷനിലാണ് സുനിതയ്ക്ക് ജോലി. സുനിൽ ആലുവ കമ്പനിപ്പടിയിലെ വർക്ക്ഷോപ്പിൽ പെയിന്ററാണ്. ഏഴിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഒമ്പതു വർഷമായി ചെറിയ വാടകവീട്ടിലാണ് കുടുംബത്തിന്റെ വാസം.