ന്യൂഡൽഹി: കൊവിഡ് പാക്കേജായി ജൻധൻ അക്കൗണ്ടിലൂടെ കേന്ദ്രസർക്കാർ പാവപ്പെട്ട ഗ്രാമീണർക്ക് നൽകിയ ധനസഹായം 68,000 കോടി രൂപ.
പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന വഴി സഹായം ലഭിച്ചത് 42 കോടി പേർക്ക്. ഇതിൽ 20.6 കോടിയും വനിതകളാണ്. ലഭിച്ചത് 31,000 കോടി രൂപയും.
മഹാമാരി മൂലം കഷ്ടപ്പാടിലായവർക്ക് ഭക്ഷ്യധാന്യങ്ങളും ധനസഹായവും നൽകാൻ 1.70 ലക്ഷം കോടി രൂപയുടെ പദ്ധതി മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
ഗുണഭോക്താക്കൾ
• പി.എം.കിസാൻ പദ്ധതി പ്രകാരം 8.94 കോടി പേർക്ക് : തുക 17,891 കോടി
• 2.81 കോടി വരുന്ന വൃദ്ധർക്ക് രണ്ട് തവണയായി നൽകിയത് : 2,800 കോടി
• 1.82 കോടി നിർമ്മാണ തൊഴിലാളികൾക്ക് : 5,000 കോടി
ഭക്ഷ്യധാന്യ വിതരണം
• പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം ഏപ്രിലിൽ 75.02 കോടി ജനങ്ങൾക്ക് 37.52 ലക്ഷം ടൺ ഭക്ഷ്യധാന്യം നൽകി
• മേയിൽ 74.92 കോടി ജനങ്ങൾക്ക് 37.46 ലക്ഷം ടണ്ണും ജൂണിൽ 73.24 കോടി പേർക്ക് 36.62 ലക്ഷം ടൺ ധാന്യവും നൽകി.
• ജൂലായിൽ 72.18 കോടി പേർക്ക് 36.09 ടൺ, ആഗസ്റ്റിൽ 60.44 കോടി പേർക്ക് 30.22 ലക്ഷം ടണ്ണും വിതരണം ചെയ്തു.
• ഇതുവരെ 98.31 ലക്ഷം ധാന്യങ്ങൾ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതി 2020 നവംബർ വരെ ദീർഘിപ്പിക്കുകയും ചെയ്തു.
2.8 കോടി കുടിയേറ്റക്കാർക്ക് രണ്ട് മാസത്തേക്ക് സൗജന്യ ധാന്യവും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി ഉജ്വൽ യോജന പ്രകാരം ഏപ്രിൽ - മേയ് മാസങ്ങളിൽ 8.52 കോടി എൽ.പി.ജി സിലിണ്ടറുകളാണ് സൗജന്യമായി വിതരണം ചെയ്തത്.
• പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് തിരിച്ചടക്കേണ്ടാത്തതായി മൊത്തം 9,543 കോടി രൂപ 36 ലക്ഷം അംഗങ്ങൾ പിൻവലിച്ചു.
• ഏപ്രിൽ ഒന്നു മുതൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കൂട്ടി, 195.21 കോടി മനുഷ്യപ്രയത്നദിനങ്ങൾ സൃഷ്ടിച്ചും കുടിശിക നൽകാനുമായി 59,618 കോടി രൂപ സംസ്ഥാനങ്ങൾക്ക് കൈമാറി.