മുംബയ്: മഹാമാരിക്കാലത്ത് സാമ്പത്തിക രംഗത്ത് വിസ്മയം സൃഷ്ടിച്ച് ഇന്ത്യയിലെ രണ്ട് ശതകോടീശ്വരന്മാരുടെ സ്വത്ത് ഇരട്ടിയിലേറെ വർദ്ധിച്ചു. രാജ്യത്തെ സാമ്പത്തിക മേഖലയുടെ നടുവൊടിച്ച് കൊവിഡ് വിളയാടുമ്പോഴാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും കുബേരന്മാരിൽ കുബേരന്മാരാകുന്നത്.
ലോകത്ത് തന്നെ അപൂർവം കോടിശ്വരന്മാർക്കാണ് ആസ്തി വർദ്ധിപ്പിക്കാനായത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട മാർച്ചിലെ ഇരുവരുടെയും ആസ്തി മൂല്യം സെപ്തംബറിലെ കണക്കിൽ ഇരട്ടിയിലേറെയായി. പുതിയ സാഹചര്യങ്ങളിൽ അവിശ്വസനീയമായ ഈ നേട്ടത്തിന് പിന്നിൽ ഇരു കമ്പനികളുടെയും പുതിയ സംരംഭങ്ങളാണ്. റിലയൻസ് ജിയോയാണ് അംബാനിക്ക് തുണയായതെങ്കിൽ അദാനിയുടെ എയർപോർട്ടുകൾ ഏറ്റെടുക്കലും മറ്റും ഗുണകരമായി.
ഒരർത്ഥത്തിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ കരുത്തരാവുകയാണ് ഈ പ്രതിസന്ധി കാലഘട്ടത്തിൽ അംബാനിയും അദാനിയും.
രണ്ട് പതിറ്റാണ്ടായി നിരവധി ശതകോടീശ്വരന്മാർ രാജ്യത്ത് ഉദയം ചെയ്തതോടെ വമ്പന്മാരുടെ സ്വത്തിൽ ഭീമമായ വർദ്ധനവൊന്നും സംഭവിച്ചിരുന്നില്ല. പലരുടെയും കുറയുകയും ചെയ്തു.
2000ൽ രാജ്യത്തെ ശതകോടീശ്വരന്മാരുടെ സ്വത്തിൽ 61 ശതമാനവും അംബാനി, രാധാകൃഷ്ണൻ ദമാനി, ശിവ് നാടാർ എന്നിവരുടെ കൈവശമായിരുന്നു. 2020ൽ ഇവരുടെ ആസ്തിയിൽ കുറഞ്ഞത് 20 ശതമാനമെങ്കിലും കുറവുണ്ടായി. ഇപ്പോൾ കോടീശ്വര സമ്പത്തിൽ 20 ശതമാനം മാത്രമാണ് ആദ്യ മൂന്നുപേരുടെ പക്കൽ. 2000ൽ കേവലം 9 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 102 പേരുണ്ട്.