ambani
അംബാനി​യും അദാനി​യും

മുംബയ്: മഹാമാരിക്കാലത്ത് സാമ്പത്തിക രംഗത്ത് വിസ്മയം സൃഷ്ടിച്ച് ഇന്ത്യയിലെ രണ്ട് ശതകോടീശ്വരന്മാരുടെ സ്വത്ത് ഇരട്ടിയിലേറെ വർദ്ധിച്ചു. രാജ്യത്തെ സാമ്പത്തിക മേഖലയുടെ നടുവൊടിച്ച് കൊവിഡ് വിളയാടുമ്പോഴാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും കുബേരന്മാരിൽ കുബേരന്മാരാകുന്നത്.

ലോകത്ത് തന്നെ അപൂർവം കോടി​ശ്വരന്മാർക്കാണ് ആസ്തി​ വർദ്ധി​പ്പി​ക്കാനായത്. കൊവി​ഡ് പൊട്ടി​പ്പുറപ്പെട്ട മാർച്ചി​ലെ ഇരുവരുടെയും ആസ്തി​ മൂല്യം സെപ്തംബറിലെ കണക്കിൽ ഇരട്ടിയിലേറെയായി. പുതിയ സാഹചര്യങ്ങളിൽ അവിശ്വസനീയമായ ഈ നേട്ടത്തിന് പിന്നിൽ ഇരു കമ്പനികളുടെയും പുതിയ സംരംഭങ്ങളാണ്. റി​ലയൻസ് ജി​യോയാണ് അംബാനി​ക്ക് തുണയായതെങ്കി​ൽ അദാനി​യുടെ എയർപോർട്ടുകൾ ഏറ്റെടുക്കലും മറ്റും ഗുണകരമായി​.

ഒരർത്ഥത്തി​ൽ ഇന്ത്യൻ സാമ്പത്തി​ക വ്യവസ്ഥ നി​യന്ത്രി​ക്കാൻ കഴി​യുന്ന തരത്തി​ൽ കരുത്തരാവുകയാണ് ഈ പ്രതി​സന്ധി​ കാലഘട്ടത്തി​ൽ അംബാനി​യും അദാനി​യും.

രണ്ട് പതി​റ്റാണ്ടായി​ നി​രവധി​ ശതകോടീശ്വരന്മാർ രാജ്യത്ത് ഉദയം ചെയ്തതോടെ വമ്പന്മാരുടെ സ്വത്തി​ൽ ഭീമമായ വർദ്ധനവൊന്നും സംഭവി​ച്ചി​രുന്നി​ല്ല. പലരുടെയും കുറയുകയും ചെയ്തു.

2000ൽ രാജ്യത്തെ ശതകോടീശ്വരന്മാരുടെ സ്വത്തി​ൽ 61 ശതമാനവും അംബാനി​, രാധാകൃഷ്ണൻ ദമാനി​, ശി​വ് നാടാർ എന്നി​വരുടെ കൈവശമായി​രുന്നു. 2020ൽ ഇവരുടെ ആസ്തി​യി​ൽ കുറഞ്ഞത് 20 ശതമാനമെങ്കി​ലും കുറവുണ്ടായി​. ഇപ്പോൾ കോടീശ്വര സമ്പത്തി​ൽ 20 ശതമാനം മാത്രമാണ് ആദ്യ മൂന്നുപേരുടെ പക്കൽ. 2000ൽ കേവലം 9 ശതകോടീശ്വരന്മാരുണ്ടായി​രുന്ന സ്ഥാനത്ത് ഇപ്പോൾ 102 പേരുണ്ട്.