ആലുവ: കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയിലെ അടിപിടിക്ക് പിന്നാലെ ഔദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും എ - ഐ ഗ്രൂപ്പുകളുടെ പോർവിളി. ഇതേതുടർന്ന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ വായ മൂടിക്കെട്ടി ഗ്രൂപ്പിനെ അഡ്മിൻ ഒൺലിയാക്കി എ ഗ്രൂപ്പ് നേതൃത്വം.
വെള്ളിയാഴ്ച്ച നടന്ന സ്വീകരണ യോഗത്തിലാണ് പുന:സംഘടനയെ ചൊല്ലി ഗ്രൂപ്പുകൾ ഏറ്റുമുട്ടിയത്. അനർഹരെ ഭാരവാഹികളാക്കിയെന്നും അർഹരെ തഴഞ്ഞെന്നും ആരോപിച്ച് ഐ വിഭാഗം നേതാക്കൾ കൊടി കെട്ടിയ കുറുവടിയുമായെത്തിയാണ് പുതിയ ഭാരവാഹികളുടെ സ്വീകരണ യോഗം തടഞ്ഞത്. ഇത് സംബന്ധിച്ച് ഇരുപക്ഷവും ഡി.സി.സിക്കും കെ.പി.സി.സിക്കും പരാതി നൽകിയതിന് പിന്നാലെയാണ് പാർട്ടിയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും ഏറ്റുമുട്ടൽ തുടരുന്നത്. കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഭരണസമിതിലെ നേതൃമാറ്റം സംബന്ധിച്ചാണ് ഗ്രൂപ്പിലെ പോർവിളി. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നടന്ന യോഗത്തിൽ ആദ്യ ഒരു വർഷം എ.ജി. സോമാത്മജൻ, ഒ. രാധാകൃഷ്ണൻ എന്നിവർക്ക് യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും തുടർന്ന് സുരേഷ് മുട്ടത്തിൽ, ഖാലിദ് അന്ത്രപ്പിള്ളിൽ എന്നിവർക്ക് കൈമാറാനും നിശ്ചയിച്ചിരുന്നു.
2020 ആഗസ്റ്റ് ഏഴിന് കാലാവധി അവസാനിച്ചിട്ടും നേതൃമാറ്റത്തിന് എ ഗ്രൂപ്പ് വഴങ്ങിയില്ല. ഇതിനെതിരെ മണ്ഡലത്തിലെ ഏഴ് ഐ ഗ്രൂപ്പ് ഭാരവാഹികളും ബാങ്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും കൺവീനറും നേതൃത്വത്തിന് പരാതി നൽകിയിരിക്കെയാണ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും തർക്കമുണ്ടായത്. തിരഞ്ഞെടുപ്പിന് ശേഷം 'കേരളകൗമുദി'യിൽ വന്ന വാർത്ത ഐ ഗ്രൂപ്പുകാർ പോസ്റ്റ് ചെയ്തതോടെ നേതൃമാറ്റ തീരുമാനമില്ലെന്ന മറുവാദവുമായി എ ഗ്രൂപ്പ് രംഗത്തെത്തി. ചർച്ച മുറുകിയതോടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ യോഗ മിനിറ്റ്‌സിന്റെ പകർപ്പ് ഗ്രൂപ്പിലിട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസിന്റെ സാന്നിദ്ധ്യത്തിലാണ് തീരുമാനമെടുത്തതെന്ന വിവരവും ഇതോടെ പുറത്തായി. തുടർന്നും തർക്കം രൂക്ഷമാകുമെന്ന ബോധ്യമായതോടെയാണ് ഗ്രൂപ്പിനെ മണ്ഡലം പ്രസിഡന്റ് നാസർ എടയാർ അഡ്മിൻ ഒൺലിയാക്കിയത്. അതേസമയം, പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി യോഗം ബോധപൂർവ്വം അലങ്കോലമാക്കിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് എ വിഭാഗം നൽകിയ പരാതിയിൽ ഇന്ന് കെ.പി.സി.സി നിർദ്ദേശപ്രകാരം രണ്ടംഗ അന്വേഷണ സമിതിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.