കൊച്ചി : പോപ്പുലർ നിക്ഷേപത്തട്ടിപ്പു കേസിലെ വിവിധ പരാതികൾ ഒറ്റ എഫ്.ഐ.ആർ മാത്രമായി രജിസ്‌റ്റർ ചെയ്യാൻ നിർദേശിച്ചതെന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ ഇന്നുതന്നെ വിശദീകരണം നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ. പി. രവീന്ദ്രൻപിള്ളയടക്കം നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
പോപ്പുലർ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു. എന്നാൽ പരാതികളിൽ ഒറ്റ എഫ്.ഐ.ആർ ഇട്ടാൽ മതിയെന്ന് ഡി.ജി.പി സർക്കുലറിലൂടെ നിർദേശം നൽകിയിരുന്നെന്ന് ഹർജിക്കാർ വ്യക്തമാക്കി. തുടർന്നാണ് ഇത്തരമൊരു നിർദേശം നൽകിയതെന്തിനെന്ന് വിശദീകരിക്കാൻ സർക്കാരിനോടു സിംഗിൾബെഞ്ച് ആവശ്യപ്പെട്ടത്. നിക്ഷേപകരുടെ താത്പര്യങ്ങൾക്കാണ് മുഖ്യ പരിഗണനയെന്നും ഇക്കാര്യത്തിൽ സർക്കാർ എന്തു നടപടിയാണ് സ്വീകരിക്കുകയെന്നും അറിയിക്കണം.
ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ സി.ബി.ഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്ന് വ്യക്തമാക്കി ഡി.ജി.പി കത്തു നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
വിദേശത്ത് ബാങ്കുകളിൽ നിക്ഷേപിച്ചെന്ന് സംശയം
പോപ്പുലർ തട്ടിപ്പുകേസിലെ പ്രതികൾ പണം വിദേശരാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപിച്ചതായി സംശയം ഉണ്ടെന്നും ഇവരുടെ അടുത്ത ബന്ധുക്കൾ ആസ്ട്രേലിയയിലുണ്ടെന്നും പത്തനംതിട്ട എസ്.പി കെ.ജി. സൈമൺ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ബന്ധുക്കളെ ചോദ്യംചെയ്യേണ്ടതുണ്ട്. എഴുവർഷംകൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി നൽകാമെന്ന് പറഞ്ഞാണ് പണംസ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, ആദായനികുതി നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങൾ വ്യക്തമാകണമെങ്കിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നത് പൂർത്തിയാകണമെന്നും വിശദീകരണത്തിൽ പറയുന്നു. പ്രതികൾ പത്തനംതിട്ട സബ് കോടതിയിൽ എട്ട് പാപ്പർ ഹർജികൾ നൽകിയിട്ടുണ്ട്.