പറവൂർ: മത്സ്യമേഖലയിലെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് യുവ പ്രൊഫഷണലുകളായ യുവദമ്പതികൾ. ചേന്ദമംഗലം കിഴക്കുംപുറത്ത് താമസിക്കുന്ന രാഹുൽരാജും മനീഷയുമാണ് മത്സ്യ ഉൽപാദന രംഗത്തേക്ക് കടന്നിട്ടുള്ളത്. മത്സ്യവകുപ്പിന്റെ പുതിയ ആശയമായ ബയോഫ്ലോക്ക് കൃഷി രീതിയിലൂടെ ഗിഫ്റ്റ് തിലാപ്പിയ മത്സ്യങ്ങളെയാണ് വളർത്തുന്നത്. എട്ട് മീറ്റർ വിസ്തൃതിയിൽ വൃത്താകൃതിയിലുള്ള കൃത്രിമമായി ഉണ്ടാക്കിയ കൂട്ടിലാണ് മത്സ്യത്തെ വളർത്തിയത്.1500 മുതൽ 2000 കുഞ്ഞുങ്ങളെ വരെ വളർത്താവുന്ന രീതിയിൽ എയറേറ്ററുകളും മറ്റും ഘടിപ്പിച്ചാണ് മീൻ വളർത്തുന്നത്. കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറു മാസത്തിനു ശേഷം വിളവെടുപ്പ് ആരംഭിക്കാൻ കഴിയും. ഈ കാലയളവിനുള്ളിൽ 500ഗ്രാം മുതൽ 750 ഗ്രാം വരെ തൂക്കം വരുന്ന മത്സ്യങ്ങളെ വിളവെടുക്കാൻ സാധിക്കുമെന്ന് സംരംഭകൻ രാഹുൽരാജ് പറഞ്ഞു. ടാങ്കിലെ വെള്ളം മാറ്റാതെ മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ ഫ്ലോക്കായി രൂപപ്പെടുത്തി മത്സ്യത്തിന്റെ തന്നെ തീറ്റയായി മാറ്റി തീർക്കുന്നതിലൂടെ തീറ്റയുടെ ചിലവ് മുപ്പത് ശതമാനം ചുരുക്കാനാകും.