പെരുമ്പാവൂർ: ഹിന്ദിയെന്നാൽ ജീവശ്വാസം പോലെയാണ് ആർ. പൂർണിമയ്ക്ക്. കാരണം മറ്റൊന്നുമല്ല ഹിന്ദി ഭാഷയോടുള്ള അടങ്ങാത്ത ഇഷ്ടം തന്നെ. മലയാളത്തോടൊപ്പം ഹിന്ദിയേയും നെഞ്ചോടുചേർക്കുന്ന പൂർണിമയെന്ന അദ്ധ്യാപിക ദേശീയ ഭാഷാദിനത്തിൽ പുരസ്കാര നിറവിലാണ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വായനാപൂർണിമ എറണാകുളം ജില്ലാ സമിതിയുടെ ശ്രേഷ്ഠാചാര്യ പുരസ്കാരമാണ് ടീച്ചറെത്തേടി എത്തിയത്.
14 വർഷമായി ഹിന്ദി അദ്ധ്യാപികയായ പൂർണിമ ശ്രീശങ്കരവിദ്യാപീഠം കോളേജിലെ ഹിന്ദിവിഭാഗം മേധാവിയാണ്.
ഫിസിക്‌സിൽ ബിരുദം നേടിയതിന് ശേഷമാണ് എം.ജി യൂണിവേഴ്‌സിറ്റിയിൽനിന്ന് ഹിന്ദിയിൽ ബിരുദാനന്തരബിരുദം നേടുന്നത്. 1994ൽ കുസാറ്റിൽ നിന്ന് എംഫിലും 2001ൽ പി.എച്ച്.ഡിയും നേടി. എം.ജി യൂണിവേഴ്‌സിറ്റിയുടെ റിസർച്ച് ഗൈഡായി പ്രവർത്തിക്കുന്ന പൂർണിമ ടീച്ചറുടെ കീഴിൽ നിരവധി കുട്ടികൾ റിസർച്ച് ചെയ്യുന്നുണ്ട്.
പുതിയ തലമുറയ്ക്ക് ഒരു വൈകാരികതയും പ്രതാപവുമായി ഇംഗ്ളീഷ് മാറിയതോടെ നേരിട്ടും അല്ലാതെയും ഇന്ത്യൻ ഭാഷകൾ പിന്നോട്ട് പോയെന്ന് വിഷമത്തോടെ ഈ അദ്ധ്യാപിക പറയുന്നു. ഭാഷയും സംസ്‌കാരവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാൽ പുതിയ തലമുറ പാശ്ച്യാത്യ സംസ്കാരത്തോട് ആകർഷിക്കപ്പെട്ടു. എന്നിരുന്നാലും ഹിന്ദി ഭാഷ കൂടുതൽ തൊഴിലവസരങ്ങൾ നൽകുമെന്നാണ് ടീച്ചറുടെ അഭിപ്രായം. ഗ്‌ളോബൽ ഹിന്ദി ഗൗരവ് സമ്മാൻ അവാർഡ് ഉൾപ്പെടെ നേടിയിട്ടുണ്ട്. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് റിട്ട.റീജിയണൽ മാനേജരായ ആർ.ആർ. മല്ല്യയുടെയും വിമലയുടെയും മകളായ പൂർണിമ മൂവാറ്റുപുഴ മെഡിക്കൽ സെന്ററിലെ സർജനായ ഡോ.പി എസ് സുരേഷ്‌കുമാറിന്റെ ഭാര്യയാണ്.