municipality
ആലുവ നഗരസഭ കാര്യാലയം

ആലുവ: കൊട്ടും കുരവയും ആഘോഷങ്ങളൊന്നുമില്ലാതെ ആലുവ നഗരസഭക്ക് ഇന്ന് 99 -ാം പിറന്നാൾ. 1921 സെപ്തംബർ 15നാണ് ഖാൻ സാഹിബ് എം.കെ. മക്കാർപിള്ളയുടെ നേതൃത്വത്തിൽ ആദ്യ ഭരണസമിതി ചുമതലയേറ്റത്.

1920ൽ തിരുകൊച്ചിയിലെ മറ്റ് 18 നഗരങ്ങൾക്കൊപ്പമാണ് ആലുവയെ നഗരസഭയായി പ്രഖ്യാപിച്ചതെങ്കിലും ഒരു വർഷത്തിന് ശേഷമാണ് യാഥാർത്ഥ്യമായത്. അതിനും വർഷങ്ങൾക്ക് മുമ്പേ ടൗൺ സാനിറ്ററി കൗൺസിലായി. 1911ൽ കൗൺസിലിനെ ടൗൺ ഇംപ്രൂവ്മെന്റ് കമ്മിറ്റിയായി ഉയർത്തി. തിരുകൊച്ചിയിലെ ആറാമത്തെ ടൗൺ ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ്. നാമനിർദ്ദേശം വഴി ചുമതലയേറ്റ ആദ്യ കൗൺലിസിലിൽ ആറ് വാർഡുകളിൽ നിന്നായി 12 പേരായിരുന്നു അംഗങ്ങൾ. അക്കാലത്ത് ദ്വയാംഗ വാർഡുകളായിരുന്നു. ഇന്നത്തെ എറണാകുളം ജില്ലായോ ആലുവ താലൂക്കോ അക്കാലത്ത് ഉണ്ടായിരുന്നില്ല. കുന്നത്തുനാട്, പറവൂർ താലൂക്കുകളിലായി വിഭജിച്ചിരിക്കുകയായിരുന്നു നഗരസഭയെ. ഇവയെല്ലാം കോട്ടയം ജില്ലയുടെ ഭാഗവും.

ആദ്യ ജനകീയ കൗൺസിൽ 1925 ജനുവരിയിൽ എൻ.വി. ജോസഫിന്റെ നേതൃത്വത്തിലാണ്. നഗരസഭക്ക് നികുതി അടക്കുന്നവർക്കായിരുന്നു വോട്ടവകാശം. വാർഡുകളിൽ 40ൽ താഴെ വോട്ടർമാർ മാത്രം. ആദ്യ നോമിനേറ്റഡ് ഭരണ ചെയർമാൻ ഉൾപ്പെട 23 തവണകളിലായി 17 പേരാണ് നഗരസഭ ചെയർമാനായത്. ഖാൻ സാഹിബ് മത്സരിച്ചും ചെയർമാനായി. രാഷ്ട്രീയടിസ്ഥാനത്തിലായപ്പോൾ കൂടുതൽ ഭരിച്ചത് കോൺഗ്രസാണ്. സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിച്ച് അധികാരത്തിലേറുന്ന നഗരസഭയാണിത്. കോൺഗ്രസ് നേതാവ് എം.ഒ. ജോൺ മൂന്ന് തവണയായി 12 വർഷം ചെയർമാനായി.

ഇടതുപക്ഷത്തിന് രണ്ട് തവണ മാത്രമായിരുന്നു ഭരണം. 1979ൽ പി.ഡി. പത്മനാഭൻ നായർ മൂന്ന് വർഷവും 2005ൽ സ്മിത ഗോപി അഞ്ച് വർഷവും ഭരിച്ചു. 1984 മുതൽ നാല് വർഷം ഫോർട്ടുകൊച്ചി ആർ.ഡി.ഒമാരായിരുന്ന കെ.ബി. വത്സലകുമാരിയും താര ഷറഫുദ്ദീനും നഗരസഭാദ്ധ്യക്ഷയുടെ ചുമതല വഹിച്ചു.

ഏറ്റവും ചെറിയ നഗരസഭ

സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയാണ് ആലുവ. നഗരസഭ അതിർത്തിയിൽ നഗരപ്രദേശങ്ങൾ മാത്രമാണുള്ളത്. 26 ഡിവിഷനുകളാണുള്ളത്. സമീപപ്രദേശങ്ങൾ ചേർത്ത് നഗരസഭ വികസിപ്പിക്കണമെന്ന് പലപ്പോഴും നിർദ്ദേശമുണ്ടായെങ്കിലും ചിലർ തടസപ്പെടുത്തുകയായിരുന്നു. ദേശീയപാതയിൽ പുളിഞ്ചോട് മുതൽ മംഗലപ്പുഴ പാലം വരെയുള്ള രണ്ടര കിലോമീറ്ററാണ് നഗരസഭയുടെ ദൈർഘ്യം. കടുങ്ങല്ലൂർ റോഡിൽ പെരിക്കാപ്പാലത്തും പറവൂർ റോഡിൽ യു.സി കോളേജിലും അതിർത്തി അവസാനിക്കും. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ മാർവറും സ്വകാര്യ റൂട്ടിൽ അണ്ടികമ്പനിയുമാണ് അതിർത്തി. നഗരത്തോട് തൊട്ടുരുമിയാണ് ചൂർണിക്കര, കീഴ്മാട്, കടുങ്ങല്ലൂർ, ചെങ്ങമനാട് പഞ്ചായത്തുകൾ നിലകൊള്ളുന്നത്.

വൈദ്യുതാലങ്കാരം ഒരുക്കും

ഇന്ന് നഗരസഭ മന്ദിരത്തിൽ വൈദ്യുതാലങ്കാരം ഒരുക്കുമെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു. അടുത്ത വർഷം 100 വാർഷികം ആഘോഷിക്കുന്നതിനുള്ള പദ്ധതികൾ കൗൺസിൽ ആവിഷ്കരിക്കും. ഇന്ന് നൂറാം പിറന്നാൾ ആണെന്നും പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ലെന്ന ചിലരുടെ ആരോപണം കണക്കുകളുടെ അജ്ഞതകൊണ്ടാണ്.