കൊച്ചി : കൊവിഡ് രോഗ ഭീഷണിയെത്തുടർന്ന് ഒാൺലൈൻ ക്ളാസുകളാക്കി മാറ്റിയ സാഹചര്യത്തിൽ ബി. ഫാം കോഴ്സിന് 2020 - 2021 അദ്ധ്യയന വർഷത്തിൽ സ്പെഷ്യൽഫീസ് ഇൗടാക്കരുതെന്നും ട്യൂഷൻഫീസിൽ ഇളവു നൽകണമെന്നുമാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടുതേടി. കണ്ണൂർ ക്രസന്റ് കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയുടെ പിതാവ് കണ്ണൂർ സ്വദേശി സിദ്ദിഖ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണം നിലവിൽ വന്നതിനെത്തുടർന്ന് റെഗുലർ ക്ളാസുകൾ ഒഴിവാക്കി ഒാൺലൈൻ ക്ളാസുകളാക്കിയിട്ടുണ്ട്. എന്നാൽ ട്യൂഷൻ ഫീസിനു പുറമേ ഇന്റർനെറ്റ്, വാക്സിനേഷൻ, മെഡിക്കൽ ചെക്ക് അപ്പ് തുടങ്ങിയ സ്പെഷ്യൽ ഫീസുകളും കോളേജ് അധികൃതർ ഇൗടാക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. 1.20 ലക്ഷം രൂപ ഫീസ് അടയ്ക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഇതിൽ 90,000 രൂപ ട്യൂഷൻ ഫീസാണ്. തവണകളായി ട്യൂഷൻഫീസ് അടയ്ക്കാൻ സൗകര്യം ഒരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എ.ഇയിൽ ജോലി നോക്കിയിരുന്ന ഹർജിക്കാരന് കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലിനഷ്ടമായി. സമാനസ്ഥിതിൽ ബുദ്ധിമുട്ടുന്ന നിരവധി രക്ഷിതാക്കളുണ്ടെന്നും മുഖ്യമന്ത്രിയടക്കമുള്ളവർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയെന്നും ഹർജിയിൽ പറയുന്നു. മറ്റു ചില സംസ്ഥാനങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് ട്യൂഷൻഫീസ് ഇളവു വരുത്തിയിട്ടുണ്ടെന്നും തവണകളായി അടയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.