തോപ്പുംപടി: ജില്ലയിൽ കോഴി വില കത്തിക്കയറുന്നു. ഇന്നലെ മാർക്കറ്റ് വില കിലോക്ക് 130 രൂപയിലെത്തി. ഒറ്റയടിക്ക് 40 രൂപയാണ് കൂടിയത്. ഓണത്തിന് 100 രൂപയായിരുന്നു വില. തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് നിലച്ചതാണ് വില കൂടാൻ കാരണം.നഗരത്തിൽ പ്രധാനമായും കോഴി എത്തുന്നത് പെരുമ്പാവൂർ, പുക്കാട്ടുപടി എന്നിവിടങ്ങളിൽ നിന്നാണ്.
കോഴി വരവ് കുറഞ്ഞതോടെ കുഞ്ഞുങ്ങളെ വളർത്തി ഇറച്ചിക്കോഴിയാക്കി വിൽക്കുകയാണ് ചെയ്യുന്നത്. ഇത്തരം കോഴികൾക്ക് കിലോ 150 രൂപ വരെ ഈടാക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് വൻതോതിൽ കോഴികൾ എത്തുന്നത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വരവ് ഗണ്യമായി കുറഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു.കോഴിക്ക് മാത്രമല്ല, ബീഫിനും വില കൂടി. 300 രൂപ ഉണ്ടായിരുന്ന ബീഫിന് 350 രൂപയായി.600 രൂപ ഉണ്ടായിരുന്ന മട്ടനും വില ഉയർന്നു.