പറവൂർ: പറവൂർ നിയോജക മണ്ഡലത്തിൽ വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയെക്കുറിച്ച് വിജിലൻസ്, എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എന്നിവ അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് പറവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2018ലെ പ്രളബാധികരെ സഹായക്കുന്നതിന്റെ പേരിൽ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും പണം സമാഹരിച്ചിട്ടുണ്ട്. ഇതിൽ വലിയ അഴിമതിയും ക്രമേക്കേണ്ടും നടന്നിട്ടുണ്ടെന്നും എൽ.ഡി.എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. 100 കോടി രൂപയോളം സ്വരൂപിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കിട്ടിയ തുകയെക്കുറിച്ച് യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സോഷ്യൽ ഓഡിറ്റ് ചെയ്ത് വിവരങ്ങൾ നൽകുമെന്ന് എം.എൽ.എ നേരത്തെ പ്രഖ്യാപിച്ചെങ്കിലും, ഒരു വർഷമായി ഇതുണ്ടായിട്ടില്ല. പ്രളയബാധിതരുടെ ചിത്രങ്ങൾ സഹിതം പ്രദർശിപ്പിച്ചാണ് വിദേശത്ത് നിന്നുമടക്കം തുക സ്വരൂപിച്ചത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്വത്തോടെയായിരുന്നു പണം ചെലവിഴിക്കുകയെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇഷ്ടക്കാർക്കാണ് പലതും നൽകിയത്. പ്രളയബാധിതരുടെ പേരിൽ സ്വരൂപിച്ച പദ്ധതിയുടെ വിവരങ്ങളും കണക്കും അറിയാൻ പൊതുജനങ്ങൾക്ക് അർഹതയുണ്ട്. ജനങ്ങളെയും നിയമസഭയേയും തെറ്റിദ്ധരിപ്പിച്ചാണ് എം.എൽ.എ മുന്നോട്ട് പോകുന്നത്.വി.ഡി. സതീശൻ, എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നും എൽ.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറി പി. രാജു, സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, നേതാക്കളായ എൻ.എ. അലി, കെ.എം. ദിനകരൻ, കെ.പി. വിശ്വനാഥൻ, കെ.ഡി. വേണുഗോപാൽ, പി.എൻ. സന്തോഷ്, എം.എൻ. ശിവാദാസൻ, എൻ.ഐ. പൗലോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.പറവൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്തിലെ ഒരോ വാർഡുകളിലും നാല് കേന്ദ്രങ്ങളിലും നഗരസഭ വാർഡുകളിൽ പത്തു കേന്ദ്രങ്ങളിലുമാണ് പ്രതിഷേധം സംഘടിപ്പികുന്നത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഒരു കേന്ദ്രത്തിൽ അഞ്ചു പേർ വീതം പങ്കെടുക്കും.