samaram

കൊച്ചി: പരീക്ഷകൾ അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് നിയമ വിദ്യാർത്ഥികൾ 'പോരാട്ട'ത്തിന് ഒരുങ്ങുന്നു. മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലെ വിദ്യാർത്ഥികളാണ് സമരം കടുപ്പിക്കാൻ തയ്യാറെടുക്കുന്നത്. ഇതിനായി പോരാട്ടം എന്ന പേരിൽ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു കഴിഞ്ഞു. ആലുവ ഭാരത മാതാ ലാ കോളേജ്, പൂത്തോട്ട എസ്.എൻ കോളേജ്, എറണാകുളം ഗവ. ലാ കോളേജ്, കോട്ടയം സി.എസ്.ഐ ലാ കോളേജ്, തൊടുപുഴ അൽ അസർ ലാ കോളേജ്, കടമ്മന്നിട്ട മൗണ്ട് സിയോൺ ലാ കോളേജ് എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾ ചേർന്നാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി മെയിൽ ചെയ്തു. അടുത്ത ദിവസം മുതൽ യൂനിവേഴ്‌സിറ്റിയിലേക്ക് കൂട്ട മെയിലുകൾ അയച്ച് പ്രതിഷേധിക്കും.

ഇതിന് മുന്നോടിയായി സ്റ്റാറ്റസ് മാർച്ച് നടത്തും. നാല് സെമസ്റ്ററുകൾ പിന്നിട്ട വിദ്യാർത്ഥികൾ ആകെ എഴുതിയത് ഒരു സെമസ്റ്റർ പരീക്ഷകൾ മാത്രമാണ്. ഇനി മൂന്ന് സെമസ്റ്റർ പരീക്ഷകൾ ബാക്കിയുള്ളത്. മാത്രമല്ല, കഴിഞ്ഞ വർഷം നടത്തിയ ആദ്യ പരീക്ഷയുടെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അവസാനവർഷ വിദ്യാർത്ഥികളുടെയും രണ്ടു പരീക്ഷകൾ വീതം ബാക്കിയുണ്ട്. ക്ലാസുകൾ അവസാനിച്ച ശേഷവും പരീക്ഷ നടക്കാത്ത സ്ഥിതിയാണ്. ഇതോടെ അഞ്ച് വർഷം കൊണ്ട് പൂർത്തിയാകേണ്ട കോഴ്‌സുകൾ ഏഴ് വർഷം കഴിഞ്ഞാലും പൂർത്തീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. എം ജി യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന ഇരട്ട ഡിഗ്രി കോഴ്‌സായ ബി.എ, എൽ.എൽ.ബി ഓണേഴ്‌സ് കോഴ്‌സാണ് സമയക്രമം പാലിക്കാതെ നീളുന്നത്. ആറു സെമസ്റ്റർ പരീക്ഷകളാണ് ആകെയുള്ളത്.


താമസിയാതെ പരീക്ഷകൾ നടത്തണം:

പരീക്ഷകൾ അടിയന്തിരമായി നടത്തണം. ഒപ്പം ഫലപ്രഖ്യപാനവും നടത്താൻ യൂണിവേഴ്‌സിറ്റി തയ്യാറാകണം. അല്ലെങ്കിൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്തിലാവും.

തോമസ് സെബാസ്റ്റ്യൻ

ഭാരത് മാതാ ലാ കോളേജ്


പരീക്ഷകൾ ഓൺലൈനായി നടത്തണം:

കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തേണ്ടത് അത്യാവശ്യമാണ്. എം.ജി. യൂണവേഴ്‌സിറ്റി വൈസ് ചാൻസലർകും ഉന്നത വിദ്യാഭ്യാസ വകുപ്പിനും നിവേദനം നൽകിയത്. ഈ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.

അജേഷ് കോടനാട്

പോരാട്ടം കൂട്ടായ്മ പ്രസിഡന്റ്‌