കൊച്ചി: സഹൃദയ വി-ഗാർഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ മാനസിക, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി അഞ്ച് ജില്ലകളിലെ 10 സ്പെഷ്യൽ സ്‌കൂളുകളിൽ നിന്നുള്ള 103 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സ്മാർട്ട് ഫോണുകളുടെ വിതരണ ഉദ്ഘാടനം കളക്ടർ എസ് . സുഹാസ് നിർവഹിച്ചു. തൃക്കാക്കര സ്‌നേഹനിലയം സ്പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സി. ഡിക്സി സ്മാർട്ട് ഫോൺ ഏറ്റുവാങ്ങി. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, വി ഗാർഡ് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രസിഡന്റ് പി.ടി. ജോർജ്, അഡ്മിനിസ്‌ട്രേറ്റർ എം. ജോസഫ്, സഹൃദയ അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, സ്‌നേഹനിലയം സ്പെഷ്യൽ സ്‌കൂൾ അദ്ധ്യാപിക നീന ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.