add

കോലഞ്ചേരി: പ്ലസ് വൺ പ്രവേശനം കൊവിഡ് പ്രതിരോധം താളം തെറ്റിക്കുമെന്ന ആശങ്കയിൽ അദ്ധ്യാപകരും സ്കൂൾ അധികൃതരും.ഒന്നാം വർഷ പ്രവേശനത്തിന്റെ

ആദ്യ അലോട്ട്‌മെന്റിന് ആറുദിവസം അനുവദിച്ചിരുന്നെങ്കിലും മുഴുവൻ വിദ്യാർത്ഥികളെയും രണ്ടുദിവസം കൊണ്ടുതന്നെ പ്രവേശിപ്പിക്കേണ്ട സ്ഥിതിയാണ്. വിദ്യാർത്ഥികൾക്ക് ലഭിച്ച അലോട്ട്‌മെന്റ് ലെ​റ്ററിലെ സമയക്രമത്തിലെ അപാകതയാണ് രണ്ടുനാൾകൊണ്ട് പ്രവേശനം പൂർത്തിയാക്കേണ്ട സ്ഥിതിയിലേയ്ക്കെത്തിച്ചത്. ഇത് സ്കൂളുകളിൽ വലിയ തിരക്കുണ്ടാക്കുമെന്നതാണ് ആശങ്കയ്ക്ക് കാരണം.


ഒരു വിദ്യാർത്ഥിക്ക് പ്രവേശന നടപടി പൂർത്തിയാക്കാൻ 15 മിനി​റ്റാണ് സമയം അനുവദിച്ചിരിക്കുന്നത്. 14 മുതൽ 19 വരെയാണ് ആദ്യ അലോട്ട്‌മെന്റിന്റെ സമയക്രമം. സയൻസ്, ഹ്യുമാനി​റ്റീസ്, കൊമേഴ്‌സ് എന്നീ ഗ്രൂപ്പുകൾക്ക് ഒരു ബാച്ച് മാത്രമുള്ള സ്കൂളിൽ പോലും ഒരുദിവസം 90 കുട്ടികൾ പ്രവേശനം നേടും. മൂന്നും നാലും ബാച്ചുകളുള്ള സ്കൂളുകളിൽ തിരക്ക് ഇതിനേക്കാൾ കൂടും. ഇത്രയും വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ഒന്നിച്ചെത്തുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനാകില്ലെന്നാണ് അദ്ധ്യപകരുടെ പരാതി. അതേസമയം വിദ്യാർത്ഥികൾക്ക് നൽകിയ സമയം അര മണിക്കൂറായി ഉയർത്തണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.

അതേസമയം ഓരോ ബാച്ചിനും പ്രത്യേകം മുറി സജ്ജീകരിച്ച് പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് നിർദ്ദേശം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവേശന ഒരുക്കേണ്ടത്. തിരക്കൊഴിവാക്കാൻ ഓരോ സ്‌കൂളിന്റെയും സാഹചര്യമനുസരിച്ച് പ്രിൻസിപ്പൽമാർക്ക് തീരുമാനമെടുക്കാമെന്നാണ് അധികൃതരുടെ വിശദീകരണം. ഒരുവിദ്യാർത്ഥിക്ക് 15 മിനി​റ്റ് എന്ന സമയക്രമം കേന്ദ്രീകൃതമായി തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രവേശനത്തിന് 19 വരെ സമയമുണ്ട്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിർദിഷ്ടസമയത്ത് പ്രവേശനം നടന്നില്ലെങ്കിൽ 19നുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നുമാണ് വിശദീകരണം.