പറവൂർ: സർക്കാർ ഉത്തരവുപ്രകാരം കൂടിയ പറവൂർ നഗരസഭ ഓൺലൈൻ കൗൺസിൽ യോഗം പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചു. രാവിലെ പതിനൊന്നരയ്ക്ക് യോഗം തുടങ്ങിയപ്പോൾ പതിമൂന്നുപേർ ഓൺലൈനായി ചേർന്നിരുന്നു. ഈ സമയത്ത് കൗൺസിലർമാർക്ക് ഓൺലൈൻ കിട്ടുന്നില്ലെന്നു പറഞ്ഞ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിപക്ഷനേതാവ് കെ.എ. വിദ്യാനന്ദന്റെ നേതൃത്വത്തിൻ ചെയർമാന്റെ ചേംബറിലെത്തി പ്രതിഷേധിച്ചു. പ്രതിപക്ഷത്തെ ഒരു കൗൺസിലർ സ്മാർട്ട് ഫോൺ ഉപയാഗിക്കുവാൻ അറിയില്ലെന്ന് രേഖാമൂലം എഴുതി നൽകുകയും ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഇരുപതുപേരിൽ കൂടുതൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ചെയർമാൻ അറിയിച്ചു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പത്തുവീതം അംഗങ്ങൾചേർന്ന് യോഗം ചേരാമെന്ന് ചെയർമാൻ നിർദേശിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതിനെത്തുടർന്ന് കൗൺസിൽ യോഗം മാറ്റിവെച്ചു.

യോഗം മാറ്റിവെച്ചത് ഭരണപക്ഷത്തിന്റെ ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓൺലൈനായി കൗൺസിൽ ചേരുന്നതിലുള്ള സാങ്കേതിക പിഴവുകൾ പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ ഇനിയുള്ള കൗൺസിൽ യോഗം നേരിട്ടുകൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. ഇന്ന് രാവിലെ പതിനൊന്നിന് ഇതു സംബന്ധിച്ച് ചർച്ചചെയ്യാൻ സെക്രട്ടറി യോഗം വിളിച്ചിട്ടുണ്ട്.