കൊച്ചി: പനമ്പിള്ളിനഗർ എൽ.ഐ.ജി ഡയമണ്ട് പാർക്ക് വിൽക്കുന്നതിന്റെ ഭാഗമായി പാർക്ക് അളക്കാൻ വന്ന ജി.സി.ഡി.എ ഉദ്യോഗസ്ഥരെ പരിസരവാസികളും ബി.ഡി.ജെ.എസ് പനമ്പിള്ളിനഗർ ഡിവിഷൻകമ്മിറ്റി അംഗങ്ങളും ചേർന്ന് തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി.
രണ്ടുവർഷം മുമ്പ് ഇതേപോലെ അളക്കാൻ എത്തിയപ്പോൾ പരിസരവാസികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ വില്പന നിറുത്തിവച്ചിരുന്നു. ജി.സി.ഡി.എ പനമ്പിള്ളി നഗറിലെ കണ്ണായ സ്ഥലങ്ങളെല്ലാം വില്പന നടത്തുകയാണെന്ന് ബി.ഡി.ജെ.എസ് പനമ്പിള്ളിനഗർ ഡിവിഷൻ പ്രസിഡന്റ് മിനി സതീശൻ പറഞ്ഞു പതിറ്റാണ്ടുകളായി പനമ്പിള്ളി നഗറിലെ കോളനിയിൽ താമസിക്കുന്നവർക്ക് പണം വാങ്ങിയിട്ടും ജി.സി.ഡി.എ സ്ഥലം എഴുതിക്കൊടുക്കുന്നില്ല. പ്രധാനമന്ത്രിവരെ ഇടപെട്ടിട്ടും സ്ഥലം അളന്നുപോകുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. പാർക്ക് വിൽക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മിനി സതീശൻ വ്യക്തമാക്കി.