ആലുവ: ഇല്ലായ്മയുടെ നടുവിലാണെങ്കിലും വഴിയരികിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി മാതൃകയായ മുപ്പത്തടം പൈലപ്പറമ്പിൽ സുനിത സുനിലിന് അഭിനന്ദനപ്രവാഹം. കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ്, ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ നാസർ എടയാർ, വി.ജി. ജയകുമാർ, നേതാക്കളായ സുബൈർ പെരിങ്ങാട്ട്, പി.ടി. സജീവ്, എൻ. രാധാകൃഷ്ണൻ, ആകാശ് ആലുങ്കൽ എന്നിവർ പങ്കെടുത്തു.
ബി.ജെ.പി പ്രവർത്തകരും വീട്ടിലെത്തി ആദരിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാർ, കളമശേരി മണ്ഡലം വൈസ് പ്രസിഡന്റ് സി.ആർ. ബാബു, കടുങ്ങല്ലൂർ പഞ്ചായത്ത് വെസ്റ്റ് പ്രസിഡന്റ് അഡ്വ. രാജുമേനോൻ എന്നിവർ പങ്കെടുത്തു. 'തനിത്തങ്കമായി സുനിതമനസ്' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് നാട്ടുകാർ സുനിതയുടെ നന്മമനസ് തിരിച്ചറിഞ്ഞത്. വാർത്ത നവമാദ്ധ്യമങ്ങളിലും വൈറലായി.
കഴിഞ്ഞ ബുധനാഴ്ച്ച ജോലികഴിഞ്ഞ് മടങ്ങുംവഴിയാണ് ഓഞ്ഞിത്തോട് പാലത്തിന് സമീപത്തുനിന്ന് സുനിതയ്ക്ക് മാലകിട്ടിയത്. അന്ന് രാത്രി തന്നെ ഭർത്താവ് ജോലി കഴിഞ്ഞെത്തിയപ്പോൾ ബിനാനിപുരം പൊലീസിന് കൈമാറി. ഞായറാഴ്ചയാണ് ഉടമയെ കണ്ടെത്തി കൈമാറിയത്.