വൈപ്പിൻ : 19 ന് തുറക്കാൻ തീരുമാനിച്ചിരുന്ന മുനമ്പം ഫിഷിംഗ് ഹാർബർ തുറക്കുന്നത് 21- ാം തീയതിയിലേക്ക് മാറ്റി. ആരോഗ്യവകുപ്പ് സമർപ്പിച്ച റിപ്പോർട്ട് കണക്കിലെടുത്ത് കണ്ടെയ്‌ൻമെന്റ് സോണുകളിലേയും സംസ്ഥാന പാതയിലെയും അടച്ചിടൽ 18 വരെ തുടരും. മുനമ്പം ഹാർബറിൽനിന്ന് പുറപ്പെടുന്ന മത്സ്യബന്ധനബോട്ടുകൾക്ക് 19 മുതൽ പാസുകൾ വിതരണം ചെയ്യും. ഒറ്റ, ഇരട്ട നമ്പറുകൾ ക്രമീകരിച്ചായിരിക്കും പാസുകൾ നൽകുന്നത്. പ്രതിദിനം 30 ബോട്ടുകൾക്ക് പ്രവർത്തനാനുമതി നൽകും. കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് പരമാവധി ഒരാഴ്ച സമയം അനുവദിക്കും. ഈ സമയ പരിധി ലംഘിക്കുന്ന ബോട്ടുകൾക്ക് തുടർന്നുള്ള ഒരു ടേണിൽ പാസ് അനുവദിക്കില്ല. ഇവ കർശനമായി പാലിക്കുന്നതിന് വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി നൽകുന്ന വിവരങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പൊലീസ്, ആരോഗ്യം, ഫിഷറീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. രോഗവ്യാപനം സംബന്ധിച്ച് ആരോഗ്യവിഭാഗം നൽകുന്ന റിപ്പോർട്ട് പരിഗണിച്ചാകും തുടർനടപടികൾ സ്വീകരിക്കുക.
പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ എസ്. ശർമ്മ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം.എസ്. സാജു, ഉപഡയറക്ടർ മാജ ജോസ്, ഡോ. അമൃതകുമാരൻ, ജെ.എച്ച്.ഐ ആന്റണി പി.ജി, കുഴുപ്പിള്ളി , പള്ളിപ്പുറം വില്ലേജ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങളായ രമണി അജയൻ, രാധിക സതീഷ്, സുനിൽ ദേവസി, ദ്രുതകർമ്മ സേനാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.