കൊച്ചി: ആറു മാസത്തിന് ശേഷം ഡ്രൈവിംഗ് സ്‌കൂളുകൾ തിരക്കോട് തിരക്ക്. മുമ്പ് ഡ്രൈവിംഗ് ലൈസൻസിനായി രജിസ്റ്റർ ചെയ്തവരും ലേണേഴ്‌സ് പൂർത്തിയാക്കിയവരും പുതിയ തീയതികൾക്കായി സ്കൂളുകളെ സമീപിച്ചു. ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുമെന്ന പ്രഖ്യാപിച്ചിരുന്നെങ്കിലും ടെസ്റ്റുകൾ നടന്നിട്ടില്ല. ആൾക്കൂട്ടമൊഴിവാക്കി ടെസ്റ്റുകൾ നടത്തുന്നതു സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവിറങ്ങാത്തതാണ് ടെസ്റ്റുകൾ വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ ടെസ്റ്റുകൾ പുന:രാരംഭിക്കും. ഡ്രൈവിംഗ് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറന്നത്. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർ.ടി.ഒയുടെ നിരീക്ഷണം ഉണ്ട്.


കടുത്ത സുരക്ഷ:
ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. അദ്ധ്യാപകൻ ഒരു വിദ്യാർത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം നൽകുക. കൊവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ച് അദ്ധ്യാപകൻ പരിശീലനം നൽകും. ഒരു വിദ്യാർത്ഥി പരിശീലനം കഴിഞ്ഞ് ഇറങ്ങിയാൽ വാഹനം അണുനശീകരണം നടത്തും. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല.


സുരക്ഷ കർശനമാക്കും:

ഡ്രൈവിംഗ് സ്‌കൂളുകളിൽ സുരക്ഷ കർശനമാക്കിയ ശേഷമാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ സ്‌കൂളുകളുടെ പ്രവർത്തനം പുർണമായ തോതിൽ ആരംഭിക്കാൻ ദിവസങ്ങൾ എടുക്കും. എന്നാൽ ആൾക്കൂട്ടം ഒഴിവാക്കി ടെസ്റ്റുകൾ നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്.

സജി പനവേലിൽ

പ്രദീപ് ഡ്രൈവിംഗ് സ്കൂൾ