മൂവാറ്റുപുഴ: എം.സി റോഡിൽ ടോറസ് ലോറിയും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ - കൂത്താട്ടുകുളം എം.സി റോഡിൽ ഉന്നകുപ്പക്ക് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന പിക്കപ്പ് വാനും കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് ലോറി ഡ്രൈവറായ കോട്ടയം വാകത്താനം സ്വദേശി മനോജാനാണ് (42) ഗുരുതരമായി പരിക്കേറ്റത്. മൂവാറ്റുപുഴയിൽ നിന്നും അഗ്നിശമന സേനാംഗങ്ങളെത്തി വണ്ടിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മനോജിനെ പുറത്തെടുത്തത്. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ റോഡിൽ വട്ടംകറങ്ങി പിന്നാലെ വന്ന കാറിലേക്കും ഇടിക്കുകയായിരുന്നു. മൂന്നു വാഹനങ്ങളിലും ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തേ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.