തൃക്കാക്കര : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ. ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. തൃക്കാക്കര നഗരസഭ ഓഫീസിനു സമീപത്ത് നിന്ന് പ്രകടവുമായി എത്തിയ പ്രവർത്തകരെ സിവിൽ സ്റ്റേഷന് കിഴക്കേ കവാടത്തിൽ ഇന്ത്യൻ കോഫി ഹൗസിന് സമീപം പൊലിസ് ബാരികേഡ് കെട്ടി തടയുകയായിരുന്നു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.എസ് ബാദുഷ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ഹർ ,ജില്ലാ ജനറൽ സെക്രട്ടറി പി.എം നവാസ്, അനസ് ഹംസ, റമീസ് ഇബ്രാഹിം, ഹാരിസ്, സി.കെ ഷാമിർ, വി.എസ് സമീൽ, ബാസിത്, അഭിനാസ് മൂപ്പൻ, മുഹമ്മദ് ആഖിബ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.