light
നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ 41 -ാം ചരമദിനത്തിൽ മാതാവ് നന്ദിനി നടത്തുന്ന സത്യാഗ്രഹ വേദിയിൽ ദീപം തെളിച്ചപ്പോൾ

ആലുവ: നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ മരണകാരണം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാതാവ് നന്ദിനി നടത്തുന്ന സത്യാഗ്രഹ വേദിയിൽ സർവമത പ്രാർത്ഥനാദിനം ആചരിച്ചു. 41 -ാം ചരമദിനമായ ഇന്നലെ സമര വേദിയിൽ കർമ്മങ്ങൾ നടന്നു. പന്തിരുകുല പെരുന്തച്ചൻ കുലദേവതക്ഷേത്രം ആചാര്യൻ സുബ്രഹ്മണ്യൻ പെരുന്തച്ചൻ ദൈവം ദീപം തെളിച്ചു. ഉസ്താദ് അൻസാർ, ഫാ. ലൈജു വർഗീസ് തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ പ്രാർത്ഥനയുടെ ഭാഗമായി.

ബുദ്ധമത പുരോഹിതരായ കെ.ആർ. ബിനു, പി.കെ. സുനിൽ എന്നിവരും പങ്കെടുത്തു.

സത്യാഗ്രഹ സമരത്തിന് പിന്തുണ അറിയിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനായ ഏലൂർ ഗോപിനാഥ്, റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ വനിതാവിഭാഗം പ്രസിഡണ്ട് കെ.പി. ഷിബി, സംസ്ഥാന സെക്രട്ടറി ഡോ. എൻ.സി. ഷൈജ തുടങ്ങിയവർ പങ്കെടുത്തു.