faha
ഫഹദ്

കൊച്ചി: നെട്ടൂരിൽ ലഹരിമാഫിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെട്ടൂർ വെളീപറമ്പിൽ ഹുസൈൻ (കോയ)- റഹീമ ദമ്പതികളുടെ മകൻ ഫഹദ് (19) മരിച്ചു. ഞായറാഴ്ച രാത്രി 9.30 ഓടെ നെട്ടൂർ ഐ.എൻ.ടി.യു സി ജംഗ്ഷന് സമീപം നടന്ന സംഘട്ടനത്തിലാണ് യുവാവിന് ഗുരുതരമായ പരിക്കേറ്റത്. ലഹരിമാഫിയ വടിവാൾകൊണ്ട് വെട്ടിയും ഇരുമ്പുവടികൊണ്ട് തലയ്ക്കും അടിച്ച് പരിക്കേൽപ്പിച്ചു. ചോരവാർന്ന് റോഡിൽ കിടന്ന ഫഹദിനെ മരടിലെ സ്വകാര്യആശുപത്രിയിലും പിന്നീട് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണമടഞ്ഞു. സഹോദങ്ങൾ: ഹാദിയ, ആദിൽ.

നെട്ടൂരിൽ ലഹരി, ഗുണ്ടാ മാഫിയ വിളയാട്ടത്തിനെതിരേ പൊലീസ് നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ അനാസ്ഥയുണ്ട്. ലഹരി മാഫിയകളെ പിടികൂടുന്നതിനേക്കാൾ പൊലീസ് ശ്രമിക്കുന്നത് ഇടറോഡുകളിൽ ഹെൽമറ്റില്ലാത്തവരെ പിടികൂടാനാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.