ldf
എൽ.ഡി.എഫ് നഗരസഭ കാര്യാലയത്തിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ നഗരസഭയുടെ പ്രായം സംബന്ധിച്ച ഭരണ - പ്രതിപക്ഷ തർക്കം മുറുകുന്നു. നഗരസഭയുടേത് ഇന്നലെ 99 -ാം പിറന്നാളാണെന്ന് ഭരണപക്ഷവും നൂറാം പിറന്നാളാണെന്ന് പ്രതിപക്ഷവും വാദിക്കുകയാണ്. 1921 സെപ്തംബർ 15നാണ് ആദ്യ നഗരസഭ കൗൺസിൽ അധികാരമേറ്റതെന്ന വസ്തുത ഇരുകൂട്ടരും അംഗീകരിക്കുന്നുണ്ട്. പിന്നെങ്ങനെ 100 -ാം പിറന്നാളെന്ന് പറയുമെന്നാണ് പൊതുജനം ചോദിക്കുന്നത്.

നൂറിലേക്ക് കടന്നിട്ടും ആഘോഷങ്ങളില്ലെന്നാരോപിച്ച് എൽ.ഡി.എഫ് ഇന്നലെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തുടർന്ന് ജീവനക്കാർക്കും നാട്ടുകാർക്കും മധുരം നൽകി. എന്നാൽ പ്രതിപക്ഷത്തിന്റേത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നാടകമാണെന്ന് ഭരണപക്ഷം പറയുന്നു. 2021 സെപ്തംബർ 15നാണ് നഗരസഭയുടെ നൂറാം പിറന്നാൾ. നൂറാം വാർഷികം ഉചിതമായി ആഘോഷിക്കും. 100 -ാം പിറന്നാളിനും ആറ് മാസം മുമ്പേ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടി ആരംഭിക്കണം. പുതിയ നഗരസഭ കൗൺസിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം പരിപാടികൾ ആവിഷ്കരിക്കും. അല്ലാതെ 99 -ാം പിറന്നാൾ ദിനത്തിൽ നൂറാം വാർഷികം ആഘോഷിക്കേണ്ടതില്ലെന്നും ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു.

എന്നാൽ 99 കഴിഞ്ഞാൽ 100 ലേക്ക് കടന്നതിന് സമാനമാണെന്നും അതിനാൽ ദീർഘവീക്ഷണത്തോടെ പരിപാടികൾ ആവിഷ്കരിക്കേണ്ടതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. ഇക്കാര്യത്തിൽ നഗരസഭ അധികൃതർക്ക് ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചത്.

എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

നൂറിലേക്ക് കടന്ന നഗരസഭയുടെ പിറന്നാളാഘോഷം നഗരസഭ ഭരണസമിതി മറന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് നഗരസഭ കാര്യാലയത്തിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൾകരീം അദ്ധ്യക്ഷത വഹിച്ചു.നൂറാം വാർഷികത്തോടനുബന്ധിച്ച് നഗരസഭയുടെ ചരിത്രം ആലേഖനം ചെയ്യുക, വാർഷിക സ്മാരകം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കൗൺസിലിൽ ഇക്കാര്യത്തെക്കുറിച്ച് നഗരസഭയിൽ ചർച്ചയുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു.
പ്രതിഷേധ കൂട്ടായ്മ സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

വൈദ്യുതാലങ്കാരം ഉപേക്ഷിച്ചു

99 -ാം പിറന്നാൾ ദിനത്തിൽ നഗരസഭ ഓഫീസിൽ വൈദ്യുത ദീപാലങ്കാരം നടത്താൻ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ഉപേക്ഷിച്ചു. നഗരസഭയുടെ പ്രായം 99 ആണോ നൂറ് ആണോയെന്ന സംശയം നിലനിൽക്കേയാണ് മുൻ ചെയർമാൻ എം.ടി. ജേക്കബുമായി ആലോചിച്ച് തിങ്കളാഴ്ച്ച രാവിലെ ദീപാലങ്കാരം നടത്താൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ സെക്രട്ടറി വിയോജിച്ചതാണ് അവസാന നിമിഷം ഉപേക്ഷിക്കാൻ കാരണം.