കൊച്ചി: എം.ജി റോഡിലെ പുറമ്പോക്ക് ഭൂമി വികസന പ്രവർത്തനങ്ങൾക്കായി വിട്ടു നിൽക്കണമെന്ന് എറണാകുളം വികസന സമിതി ആവശ്യപ്പെട്ടു. 2007 ജൂണിൽ ഒഴിപ്പിച്ചെടുത്ത 80.92 സെന്റ് 3275.26 മീറ്റർ സ്ക്വയർ പുറമ്പോക്ക് സ്ഥലം സ്മാർട്ട് സിറ്റിയുടെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് നൽകണമെന്ന് ആണ് ആവശ്യം. കേബിൾ ഡക്ട്, നടപ്പാത വീതി കൂട്ടൽ, ബസ് ബേ, മൾട്ടി ലവൽ പാർക്കിംഗ് ,തുടങ്ങി റോഡ് സൗന്ദര്യവൽക്കരണം പോലുള്ള പദ്ധതികൾക്ക് ഇത് പ്രയോജനപ്പെടുത്താം. ഓടയ്ക്ക് ഉള്ളിൽ ഡി.എം.ആർ.സി ഇട്ടിരിക്കുന്ന കേബിളുകൾ ഒഴിവാക്കി കനാലിന് വീതി കൂട്ടി എം.ജി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുവാനും സാധിക്കും. സർവേ നമ്പർ ഉൾപ്പെടെ 267 കൈയേറ്റങ്ങളെ സംബന്ധിച്ച് വിവരാവകാശപ്രകാരം ലഭിച്ച പൂർണ വിവരങ്ങളും കൈമാറാൻ തയ്യാറാണെന്ന് പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാർ പറഞ്ഞു.