കൊച്ചി: നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം തികയും മുമ്പേ കുണ്ടും കുഴിയുമായി ഇടക്കൊച്ചി- കണ്ണങ്ങാട്ട് റോഡ്. കണ്ണങ്ങാട്- ഐലൻഡ് പാലത്തിന്റെ അപ്രോച്ച് റോഡാണ് തർന്ന് തരിപ്പണമായത്. ഇതിലൂടെ യാത്രചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. അപകടങ്ങളും പതിവാണ്. പശ്ചിമകൊച്ചിയിൽ ഗതാഗതക്കുരുക്കു പരിഹരിക്കാൻ കണ്ണങ്ങാട്ട് പാലം പണിതെങ്കിലും നിലവിൽ ഇവിടെയും ഗതാഗതക്കുരുക്കാണ്. രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയാണിവിടെ. പാലത്തിലേക്ക് കടക്കുന്ന കലുങ്കിന്റെ നിർമ്മാണത്തിന്റെ ഭാഗമായാണ് റോഡുകൾ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. എന്നാൽ മഴയെത്തിയതോടെ കുണ്ടും കുഴിയുമായി. നിലവിൽ പാലത്തിൽ നിന്ന് കണ്ണങ്ങാട്ട് റോഡ് വഴിയല്ലാതെ ഇന്ദിരാഗാന്ധി റോഡിലേക്ക് അപ്രോച്ച് റോഡ് വിഭാഗനം ചെയ്തിട്ടുണ്ടെങ്കിലും സ്ഥലമെടുപ്പ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഈ റോഡിന്റെ നിർമ്മാണം പൂർത്തിയായാൽ മാഗതാഗതക്കുരുക്കിന് പരിഹാരമാവൂ.


ഇടറോഡുകൾ രണ്ടും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്.നിരവധി അപകടങ്ങളാണ് ഒരു മാസത്തിനിടെ ഇവിടെ മാത്രമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കുഴിയിൽ വീണ് ഇരുചക്രയാത്രികയായ വീട്ടമ്മയുടെ കാലിന് പരിക്കേറ്റിരുന്നു.ബസും ലോറിയും പോലുള്ള വലിയ വാഹനങ്ങൾക്കു കണ്ണങ്ങാട്ട് പാലത്തിലേക്കു പ്രവേശനമില്ലെങ്കിലും ഇത് പപ്പോഴും പാലിക്കപ്പെടാറില്ല. റോഡിനു വീതി ഇല്ലാത്തതിനാലാണിത്.ഇടക്കൊച്ചി റോഡിൽ നിന്നു പാലത്തിലേക്കു 600 മീറ്റർ നീളമുണ്ട്. ഇതുവഴി പാലത്തിലേക്കെത്തുമ്പോൾ ഏഴു മീറ്റർ വീതിയുള്ള റോഡ് നാലു മീറ്ററായി ചുരുങ്ങും. എന്നാൽ ഇടക്കൊച്ചി പാമ്പായിമൂലയിലെ ഇന്ദിരാഗാന്ധി റോഡിലേക്കു പുതിയ റോഡ് നിർമ്മിച്ചാൽ കണ്ണങ്ങാട്ട് പാലത്തിലൂടെ വലിയ വാഹനങ്ങൾക്കും കടന്നുപോകാനാകും. ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചെല്ലാനം ഭാഗത്തെ യാത്രക്കാർക്ക് എളുപ്പത്തിൽ നഗരത്തിലെത്താൻ ഏറെ ഉപകരിക്കുന്നതാണ് കണ്ണങ്ങാട്ട് പാലം.

മഴ തുടരുന്നതിനാലാണ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്തത്. വരും ദിവസങ്ങളിൽ കോൺക്രീറ്റ് നടത്തും.

കെ.ജെ. ബേസിൽ

ഡിവിഷൻ കൗൺസിലർ