കൊച്ചി: ബാങ്ക് സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകളെ തമ്മിൽ ലയിപ്പിച്ച് 12 എണ്ണമാക്കി ചുരുക്കുകയും തുടർന്ന് 4 ബാങ്കുകൾ മാത്രമായി പൊതുമേഖലയിൽ നിർത്താനും മറ്റുള്ളവ സ്വകാര്യവത്കരിക്കുവാനുമുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

ജനസമ്പാദ്യം കൈകാര്യം ചെയ്യുന്ന ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിലൂടെ നിക്ഷേപ സുരക്ഷിതത്വം ഇല്ലാതാവുകയും സമ്പദ്‌രംഗം തകരുകയും ചെയ്യും. ജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി ഈ നീക്കത്തിനെതിരെ രംഗത്തുവരണമെന്ന് എ.ഐ.ബി.ഇ.എ സംസ്ഥാന ട്രഷറർ പി. ജയപ്രകാശ് പറഞ്ഞു. ബാങ്ക് സ്വകാര്യവത്കരണവിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ ചെയർമാൻ പി. രാജൻ, ജില്ലാ സെക്രട്ടറി പി.ആർ. സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ കെ.സി. സാജു, കലാധരൻ, സന്ദീപ് നാരായണൻ എന്നിവർ നേതൃത്വംനൽകി.