കോലഞ്ചേരി: ടൗണിലേയ്ക്കെത്തുന്നവർ ഇനി വിശന്നിരിക്കേണ്ട. 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ചോറ്, സാമ്പാർ,അവിയൽ, തോരൻ, അച്ചാർ അടങ്ങുന്നതാണ് ഊണ്.മീൻ കറിയോ വറുത്തതോ, ചിക്കനോ, ബീഫോ സ്പെഷ്യലായി വാങ്ങാം. ഐക്കരനാട് പഞ്ചാത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയിലെ ജനകീയ ഹോട്ടലിലാണ് ഊണ്. തോന്നിക്ക കിടാച്ചിറയിലെ പഞ്ചായത്തു കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുക. പാഴ്സൽ വേണ്ടവർ 5 രൂപ കൂടുതൽ നൽകണം. വിശപ്പു രഹിത ഗ്രാമമെന്ന പദ്ധതിയുടെ ഭാഗമാണ് ജനകീയ ഹോട്ടൽ. ഇന്ന് രാവിലെ 10.30 ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയിലെ എട്ട് അംഗങ്ങൾക്കാണ് നടത്തിപ്പ് ചുമതല. 20 രൂപയുടെ ഊണിന് പത്ത് രൂപ കുടുംബശ്രീ സബ്സിഡിയായി നൽകും. രാവിലെ പ്രഭാത ഭക്ഷണം മുതൽ രാത്രിയിലെ ഊണു വരെ നൽകും.