pampa-sand

കൊച്ചി : പമ്പ മണലെടുപ്പിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി നൽകിയ ഉത്തരവ് ഹൈ

ക്കോടതി രണ്ടു മാസം സ്റ്റേചെയ്തു.

സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള പൊതുപ്രവർത്തകർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നും ഇതു കണക്കിലെടുക്കാതെ വിജിലൻസ് കോടതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

2018ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ 90,000 ഘനമീറ്റർ മണൽ നീക്കാനുള്ള പത്തനംതിട്ട കളക്ടറുടെ അനുമതിക്കെതിരെ രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ 40 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഗസ്റ്റ് 26ന് കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ രണ്ടുതവണ രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.