കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നടത്തിപ്പിൽ എറണാകുളം ജില്ല ഏറ്റവും പിന്നിലെന്ന് വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ വിലയിരുത്തൽ.
പദ്ധതി ചെലവ് കുറയാനുള്ള കാരണം വിശദീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കോ-ഓർഡിനേഷൻ കമ്മിറ്റി നിർദ്ദേശം നൽകി. സാമ്പത്തിക വർഷാരംഭം മുതൽ പിന്നിൽ നിൽക്കുന്ന ജില്ല അർദ്ധവാർഷികത്തിലും അതേനില തുടരുകയാണ്. കഴിഞ്ഞമാസം ചേർന്ന ദ്വൈമാസ അവലോകനത്തിലാണ് എറണാകുളം ജില്ലയുടെ പിന്നാക്കാവസ്ഥ പരമാർശവിഷയമായത്. സംസ്ഥാന ശരാശരി 26 ശതമാനത്തിലെത്തിയപ്പോൾ എറണാകുളം 24 ശതമാനത്തിലും താഴെയാണ്. ധനവിനിയോഗത്തിൽ മുൻനിരയിലുള്ള വയനാട്, മലപ്പുറം, പാലക്കാട് ജില്ലകൾ 28 ശതമാനത്തിന് മുകളിൽ നേട്ടം കൈവരിച്ചു.
സംസ്ഥാനതലത്തിൽ 26 ശതമാനമെന്നത് മികച്ചനേട്ടമാണെന്ന് വിലയിരുത്തിയ കോ-ഓർഡിനേഷൻ കമ്മിറ്റി എറണാകുളം ജില്ല പിന്നിലായത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇതിന്റെ കാരണത്തെക്കുറിച്ച് വകുപ്പുമേധാവികൾ പ്രത്യേകം അവലോകനം നടത്തി വിലയിരുത്തണം. രണ്ടുമാസം മുമ്പ് നടന്ന അവലോകനത്തിലും എറണാകുളമായിരുന്നു ഏറ്റവും പിന്നിൽ. അന്ന് 19 ശതമാനമായിരുന്ന ധനവിനിയോഗം ഇത്തവണ 23.84 ൽ എത്തിയെങ്കിലും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇപ്പോഴും ഏറെ പിന്നിൽ തന്നെയാണ്. അന്ന് പത്താം സ്ഥാനത്തായിരുന്ന ഇടുക്കി മികച്ചനേട്ടം കൈവരിച്ച് ഇത്തവണ നാലാംസ്ഥാനത്ത് എത്തുകയും ചെയ്തു.