photo

കോലഞ്ചേരി: തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നീട്ടലും കുറുക്കലും വഴി പോലെ നടക്കും. സ്ഥാനാർത്ഥി മോഹി​കളാകട്ടെ ആപ്പിലും, ഗ്രൂപ്പിലും സജീവം. കൊവി​ഡ് കത്തി​ക്കയറുമ്പോഴും ഡിജിറ്റൽ പ്രചാരണ രംഗം ഉഷാർ.

ഗോദയി​ലി​റങ്ങി​ കളി​ക്കാൻ കൊവിഡ് തടസം സൃഷ്ടി​ക്കുന്നുണ്ടെങ്കി​ലും സമൂഹമാദ്ധ്യമങ്ങൾക്ക് ആ പരി​മി​തി​യി​ല്ല. അതി​ലൂടെ പരമാവധി​ മുതലെടുക്കലുകൾ നടത്താനുള്ള പരി​ശ്രമത്തി​ലാണ് വി​രുതന്മാർ.

ഓൺ​ലൈൻ അണിയറയിൽ പടയൊരുക്കം കഴി​ഞ്ഞ് പോരാട്ടം തന്നെ തുടങ്ങി​ക്കഴി​ഞ്ഞു ചി​ലർ.

സ്ഥാനാർത്ഥികളുടെ രംഗ പ്രവേശം ഇക്കുറി വാട്‌സാപ്പിലൂടെയാണ് . ഇഷ്ടവാർഡിലെ സ്വന്തക്കാരെയും നമ്പാൻ പറ്റുന്നവരെയും ചേർത്ത് ഗ്രൂപ്പുകളുടെ ബഹളമാണ്.

സാധാരണ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പുതന്നെ 'സ്ഥാനമോഹികൾ' വെള്ളയിട്ടിറങ്ങാറുണ്ട്. കൊവിഡ് കാലത്ത് വീടുകൾ കയറിയിറങ്ങി ആളായാൽ പണി കിട്ടും. വെളുക്കാൻ തേച്ചത് പാണ്ടുമാകും. വോട്ടർമാരും ഇത് ഇഷ്ടപ്പെടുന്നില്ല.

അതുകൊണ്ടാണ് വോട്ടർമാരുടെ മനസ്സിൽ ഇടം നേടാനുള്ള ശ്രമം ഡിജിറ്റലാക്കിയത്. ഗ്രൂപ്പിസത്തേയും വിഭാഗീയതയേയും കട്ടക്ക് എതിർക്കുന്ന മുതിർന്ന നേതാക്കൾക്കും വാർഡ് പിടിക്കാനുള്ള വാട്‌സാപ് ഗ്രൂപ്പുകളോടാണ് പ്രിയം.

നമ്മുടെ വാർഡ്, നല്ലൊരു വാർഡ്, അയൽക്കൂട്ടം, പൊളിറ്റിക്കൽ തിങ്കേഴ്സ്, എന്റെ ഗ്രാമം തുടങ്ങി പല പേരുകളിലാണ് വാട്‌സാപ് ഗ്രൂപ്പുകൾ. ഗ്രൂപ്പിലെ ചർച്ച പിടിവിട്ട് തീ പാറുമ്പോൾ അഡ്മിൻ ഓൺലി ആക്കി തെറി വിളി കുറയ്ക്കുകയല്ലാതെ ആരെയും റിമൂവ് ചെയ്യാതെ ശ്രദ്ധയോടെയാണ് നീക്കം. വൈകുന്നേരം 9 കഴിഞ്ഞാൽ മിക്ക ഗ്രൂപ്പും അഡ്മിൻ ഓൺലി നിയന്ത്രണത്തിലാണ്. ചർച്ചയ്ക്ക് ചൂടേറുന്ന 'ഇന്ധനം' അകത്തായാൽ പിന്നെ ചർച്ച അടിയിലാകും കലാശിക്കുന്നത്.

ഗ്രൂപ്പുണ്ടാക്കിയവർ ആരും തന്നെ സ്ഥാനാർത്ഥി മോഹം വെളിപ്പെടുത്തിയിട്ടില്ല. ജനറൽ, സംവരണ വാർഡുകൾ തീരുമാനമാകാത്തതാണ് പ്രധാന തടസം. ഒന്നിലധികം അഡ്മിൻമാരുള്ള ഗ്രൂപ്പിൽ ആരാകും സ്ഥാനാർത്ഥിയെന്ന് ആലോചി​ച്ച് തലപുകയ്ക്കുകയാണ് അംഗങ്ങൾ.