ആലുവ: എടയാർ ഇടുക്കി കവല മുതൽ ആലുവ യു.സി കോളേജ് വരെയുള്ള ഭാഗത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സർവേ നടപടികളാരംഭിച്ചു. പറവൂർ താലൂക്ക് ഭൂരേഖ തഹസിൽദാറുടെ നിർദ്ദേശപ്രകാരം നാല് സർവേയർമാർ രണ്ട് ടീമുകളായാണ് സർവേ നടക്കുന്നത്.
ഇന്നലെ രാവിലെയാരംഭിച്ച സർവേ മുപ്പത്തടം വരെ ഭാഗികമായി പൂർത്തിയായി. ഒരു ടീം ഇരുവശവും മുതുകാട് വരെ പൂർത്തീകരിച്ചപ്പോൾ രണ്ടാമത്തെ ടീം മുപ്പത്തടം വരെ ഒരു വശം പൂർത്തിയാക്കി. ഈ ഭാഗങ്ങളിൽ കൈയ്യേറ്റം കൂടുതലുള്ളതിനാലാണ് ഇരുവശവും പൂർത്തീകരിക്കാതിരുന്നത്. പരിസ്ഥിതി പ്രവർത്തകൻ എൻ. രാമചന്ദ്രന്റെ പരാതിയെ തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. കിഴക്കേ കടുങ്ങല്ലൂരിൽ നിന്നും യു.സി കോളേജ് ഭാഗത്തേക്കുള്ള റോഡിന് പുറമെ തോട്ടക്കാട്ടുകര പെരിക്കാപാലം വരെയുള്ള ഭാഗവും സർവേ നടത്തും. സർവേ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് ഒരു ലക്ഷം രൂപ മാത്രമാണ് താലൂക്ക് ഓഫീസിൽ അടച്ചിട്ടുള്ളത്. ഏകദേശം നാല് ലക്ഷം രൂപയെങ്കിലും സർവേക്കായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
നോട്ടീസ് നൽകും
പൊതുമരാമത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കുറ്റിയടിച്ച ശേഷം എല്ലാ കൈയ്യേറ്റക്കാർക്കും നോട്ടീസ് നൽകും. 10 ദിവസമാണ് നോട്ടീസ് കാലാവധി. 10 ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് പൊളിച്ചു നീക്കും. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലാണ് സർവേ പുരോഗമിക്കുന്നത്.