ആലുവ: കെ.പി.സി.സി നിർദ്ദേശങ്ങൾ ലംഘിക്കുന്ന കോൺഗ്രസ് കളമശേരി ബ്ളോക്ക്, കടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റുമാരെ തൽസ്ഥാനങ്ങളിൽ നിന്നും നീക്കണമെന്നും നിയമ വിരുദ്ധമായി നടത്തിയ ബ്ളോക്ക് - മണ്ഡലം പുനസംഘടന റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എട്ട് ഐ പക്ഷ നേതാക്കൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രന് പരാതി നൽകി.
കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പുതിയ പരാതി. വിഭാഗീയമായി മണ്ഡലം കമ്മിറ്റി യോഗം ചേർന്നതും ഡി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ഓഫീസ് കെട്ടിടത്തിൽ നിന്നും ശിലാഫലകം നീക്കം ചെയ്തതും ചോദ്യം ചെയ്തതാണ് യോഗം അലങ്കോലപ്പെടാൻ കാരണമായത്. വസ്തുതകൾ മറച്ചുവച്ച് അപവാദ പ്രചരണം നടത്തുകയാണെന്നും പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ബ്ളോക്ക് വൈസ് പ്രസിഡന്റ് ടി.എം. സെയ്തുകുഞ്ഞ്, ജനറൽ സെക്രട്ടറിമാരായ ടി.ജെ. ടൈറ്റസ്, ശ്രീകുമാർ മുല്ലേപ്പിള്ളി, കെ.എ. അബ്ദുൾ അസീസ്, കെ.എ. താരാനാഥൻ, വി.എ. അബ്ദുൾസലാം, കെ.എം. മുഹമ്മദ് അൻവർ, സുരേഷ് മുട്ടത്തിൽ എന്നിവരാണ് പരാതിയിൽ ഒപ്പ് വച്ചിട്ടുള്ളത്.