കളമശേരി: കണ്ടെയ്നർ റോഡിലെ അധികൃത പാർക്കിംഗ് ഒഴിവാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കാകുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഒന്നിന് പിന്നാലെ ഒന്നായുള്ള കണ്ടെയ്നർ ലോറികളുടെ പാർക്കിംഗ് പഴപടിയായി. നിരത്തുകളിൽ അപകട മരണം പതിവായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് റോഡരിലെ പാർക്കിംഗ് പൂർണമായും ഒഴിവാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയത്. അതേസമയം, ലോറികൾ ഇരുവശത്തും നിർത്തിയിടുന്നത് അപകടങ്ങൾ ക്ഷണിച്ചു വളരുത്തുമെന്ന് പ്രദേശവാസികളും വാഹന യാത്രികരും പറയുന്നു.കളമശേരി, ഏലൂർ, നഗരസഭകളിലൂടെയും ചേരാനല്ലൂർ , കോതാട് ,മൂലമ്പിള്ളി ,മുളവുകാട് , വല്ലാർപാടം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് കണ്ടെയ്നർ റോഡ് കടന്നുപോകുന്നത്. 909 കോടി ചെലവഴിച്ച് 2011ൽ രണ്ടു വരി പാതയായി തുറന്നുകൊടുക്കുകയും നാല് വർഷത്തിന് ശേഷം നാലുവരിയായി ഉയർത്തുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയ പാതയാണെങ്കിലും വഴിവിളക്കൊന്നും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇതിനാൽ രാത്രിയാത്ര ദുഷ്കരമാണ്.
അപകട പാത
കണ്ടെയ്നർ റോഡിൽ ഇതുവരെ 26ലധികം പേരാണ് അപകടത്തിൽ മരിച്ചത്.500ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം കൂടുതലും അനധികൃതമായി പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറികളിൽ ഇടിച്ചുണ്ടായതാണ്. ഇക്കഴിഞ്ഞ ഉത്രാട ദിനത്തിലാണ് ഒടുവിൽ പാതയിൽ ജീവൻപൊലിഞ്ഞത്.സിഗ്‌നൽ തെറ്റിച്ച് വന്ന കണ്ടെയ്നർ ലോറിയും നാലു ബൈക്കും രണ്ടു കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.