തോപ്പുംപടി: സർവത്ര മേഖലയിലും ലോക്ക‌്ഡൗൺ ഇളവ് അനുവദിച്ചെങ്കിലും ഗിൽനെറ്റ് ബോട്ടുകൾ പട്ടികയ്ക്ക് പുറത്ത് തന്നെ. സംസ്ഥാനത്ത് കൊച്ചിയിൽ നിന്ന് മാത്രമാണ് ഗിൽനെറ്റ് ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത്. ഇളവ് ലഭിക്കാത്തതിനെ തുട‌ർന്ന് നൂറോളം മത്സ്യത്തൊഴിലാളികൾ ദുരത്തിലാണ്.

600 ഗിൽനെറ്റ് ബോട്ടുകളാണ് കൊച്ചിയിലുള്ളത്. ഇവകളിലെല്ലാം തൊഴിലെടുക്കുന്നവരിൽ അധികവും തമിഴ്നാട്ടുകാരാണ്. കൊവിഡ് വ്യാപനത്തെ ഇവർക്ക് കേരളത്തിലേക്ക് വരാൻ കഴിയാതിരുന്നത് മൂലം ട്രോളിംഗ് നിരോധനത്തിന് ശേഷം ഗിൽനെറ്ര് ബോട്ടുകൾക്ക് കടലിൽപ്പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തൊഴിലാളികളെ ഉടമകൾ തന്നെ കേരളത്തിൽ എത്തിച്ച് ക്വാറന്റൈനിൽ പാർപ്പിക്കുകയും ചെയ്തു. കടലിൽപ്പോകാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ലക്ഷങ്ങൾ മുടക്കി ബോട്ടുകളും അറ്റകുറ്റപ്പണി നടത്തി. എന്നാൽ ഇളവ് ലഭിക്കാത്തത് ഇപ്പോൾ ഉടമകളെ വെട്ടിലാക്കിയിരിക്കുകയാണ്.


കഴിഞ്ഞ മാസം ഫിഷിംഗ് നെറ്റ്, പേഴ്സീൻ നെറ്റ് ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകിയിരുന്നു. ഇത് പരിഗണിച്ച് ഗിൽനെറ്റ് ബോട്ടുകൾക്കും ഇളവ് നൽകണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികൾ പറയുന്നത്. അതേസമയം തമിഴ്നാട്ടിലെ ഗിൽനെറ്റ് ബോട്ടുകൾ തമിഴ്നാട് തീരം കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്നുണ്ട്. എന്നാൽ തൊഴിലാളികൾ കുറവായതോടെ തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾക്ക് ജോലി ഇല്ലാതായി.

മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്.അടിയന്തിരമായി ഗിൽ നെറ്റ് ബോട്ടുകൾക്ക് പ്രവർത്തനാനുമതി നൽകണം

ടി.ബി.അനിൽകുമാർ

ഏരിയ സെക്രട്ടറി

ടി.യു.സി.ഐ.കൊച്ചി