കൊച്ചി: എം.ജി.റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് സമീപം നഗരസഭയുടെ 16 സെന്റ് സ്ഥലം കൈയേറിയവർ രണ്ടു മാസത്തിനകം സ്ഥലം ഒഴിയണമെന്ന് മേയർ സൗമിനി ജെയിൻ നിർദേശം നൽകി. കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ളനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മേയർ. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ പി.എം.ഹാരിസ്,സുനില ശെൽവൻ, ഗ്രേസി ജോസഫ്, പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി, കൗൺസിലർ എ.ബി.സാബു , ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അതേസമയം ഭൂമി അടിയന്തരമായി തിരിച്ചുപിടിച്ച് സംരക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് കെ.ജെ.ആന്റണി പറഞ്ഞു. രണ്ടു മാസത്തെ സമയം അനുവദിക്കുന്നത് സ്വകാര്യ വ്യക്തികൾക്ക് കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകും. ഈ കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ ഒന്നരമാസം മാത്രമാണ് ബാക്കിയുള്ളത്. എന്നിട്ടും രണ്ടുമാസം സമയം അനുവദിച്ചത് സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി മേയറും ഭരണ പക്ഷവും നിൽക്കുന്നുവെന്നതിന് തെളിവാണെന്ന് കൊച്ചി നഗരസഭ എൽ.ഡി.എഫ് കൺവീനർ വി പി ചന്ദ്രൻ പറഞ്ഞു. നഗരസഭയുടെ അനാസ്ഥമൂലം കോടികണക്കിന് വില വരുന്ന ഈ സ്ഥലം അന്യാധീനപ്പെടുന്നത് വെള്ളിയാഴ്ചത്തെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ശക്തമായി ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച ചെയർമാന്മാർക്കും പ്രതിപക്ഷ നേതാവിനും ഉദ്യോഗസ്ഥർക്കും ഒപ്പം സ്ഥലം സന്ദർശിക്കാമെന്ന് മേയർ ഉറപ്പുനൽകിയെങ്കിലും ഇന്നലെയാണ് സന്ദർശനം നടന്നത്.